പ്രളയത്തില്‍ വീട് മുങ്ങി, പശുക്കളുടെ കയര്‍ അഴിച്ചു വിട്ടു; മൂന്നാഴ്ച പിന്നിട്ടപ്പോള്‍ വെള്ളം താഴ്ന്നു, പിന്നാലെ ഉടമസ്ഥരെ തേടി പശുവും എത്തി; നിലമ്പൂരില്‍ അത്യപൂര്‍വ്വ കാഴ്ച

നിലമ്പൂര്‍ ചുങ്കത്തറ പൂച്ചക്കുത്ത് സ്വദേശികളായ ചിറക്കത്തൊടി വാസുദേവനും ഭാര്യ അനിതയ്ക്കുമാണ് അത്യപൂര്‍വ്വ അനുഭവം ഉണ്ടായത്.

നിലമ്പൂര്‍: പ്രളയത്തില്‍ വീട് വെള്ളത്തിനടിയില്‍ ആയതോടെ വീട്ടുകാര്‍ കൈയ്യില്‍ കിട്ടാവുന്ന സാധനങ്ങളും എടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കണ്ടത് കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന പശുക്കളെയാണ്. എന്നാല്‍ മറ്റൊന്നും ചിന്തിക്കാതെ പശുക്കളുടെ കയര്‍ അഴിച്ചു വിടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പശുക്കള്‍ മൂന്ന് ആഴ്ചയ്ക്ക് ശേഷം ഉടമസ്ഥരെ തേടി എത്തിയിരിക്കുകയാണ്. നിലമ്പൂരില്‍ നിന്നുള്ള അത്യപൂര്‍വ്വ കാഴ്ചയായിരുന്നു അത്.

നിലമ്പൂര്‍ ചുങ്കത്തറ പൂച്ചക്കുത്ത് സ്വദേശികളായ ചിറക്കത്തൊടി വാസുദേവനും ഭാര്യ അനിതയ്ക്കുമാണ് അത്യപൂര്‍വ്വ അനുഭവം ഉണ്ടായത്. കഴിഞ്ഞ മാസം എട്ടിന്‌ രാത്രി ഒന്നരയോടെയാണ് വീട്ടില്‍ വെള്ളം കയറിയത്. വീടിനകത്തേക്ക് വെള്ളം കയറിയപ്പോള്‍ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് ഇവര്‍ കൈയ്യില്‍ കരുതിയിരുന്നത്. തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി നിന്ന മൂന്നു പശുക്കളുടെ കയര്‍ അഴിച്ചുവിടുകയായിരുന്നു.

വെള്ളം കുറയും വരെ അനിതയും കുടുംബവും നിന്നത് തിരുവാലി നടുവത്തേ ബന്ധുവീട്ടിലായിരുന്നു. വെള്ളം ഇറങ്ങി മടങ്ങിയെത്തിയപ്പോള്‍ പശുവിനെ തിരഞ്ഞെങ്കിലും കണ്ട് കിട്ടിയില്ല. ആഴ്ച്ചകള്‍ രണ്ട് പിന്നിട്ടതോടെ അവ സമീപത്തുള്ള വള്ളുവശേരി റിസര്‍വ് വനത്തിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതി. എന്നാല്‍ അടുത്ത ദിവസം കണ്ടത്‌ തൊഴുത്തില്‍ നില്‍ക്കുന്ന പശുക്കളെയാണ്.

Exit mobile version