പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിഷയെന്ന് ജോസ് വിഭാഗം; നിഷ സ്ഥാനാര്‍ത്ഥിയായാല്‍ രണ്ടിലയില്ലെന്ന് ജോസഫ് വിഭാഗം

പിജെ ജോസഫിനെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമേ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുകയുള്ളൂവെന്ന ഉപാധികളും ജോസഫ് വിഭാഗം മുന്നോട്ട് വച്ചിട്ടുണ്ട്.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ധാരണ. പാലായില്‍ സമവായ സ്ഥാനാര്‍ത്ഥിയാണ് വേണ്ടതെന്നും ജോസഫ് പക്ഷം വ്യക്തമാക്കി.

നിഷ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ രണ്ടില ചിഹ്നം വിട്ടുനല്‍കേണ്ടെന്നും, പിജെ ജോസഫിനെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമേ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുകയുള്ളൂവെന്ന ഉപാധികളും ജോസഫ് വിഭാഗം മുന്നോട്ട് വച്ചിട്ടുണ്ട്. പൊതുസമ്മതനെങ്കില്‍ മാത്രം ചിഹ്നം അനുവദിക്കും. യുഡിഎഫില്‍ പ്രത്യേകം സ്ഥാനാര്‍ത്ഥി പട്ടിക നല്‍കേണ്ടെന്നും ജോസഫ് വിഭാഗം നേതൃയോഗം തീരുമാനിച്ചു.

അതേസമയം പാലായില്‍ നിഷയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിലാണ് ജോസ് കെ മാണി പക്ഷം എന്നാണ് സൂചന. പാലായിലെ സ്ഥാനാര്‍ത്ഥി ആരാണെന്ന് നാളെ തീരുമാനിക്കും.

പാലായില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസര്‍ ദില്‍ഷാദിന് മുമ്പാകെയാണ് മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിച്ചത്.

Exit mobile version