അനാഥന്‍, പഠിക്കാന്‍ വേണ്ടി ലോട്ടറി വില്‍പ്പന, ഹനുമാന്‍ കോവിലില്‍ നിന്ന് അന്നം; കഷ്ടതയിലും കേരളത്തിന് നല്‍കും അവന്റെ വക ചെറിയൊരു പങ്ക്; ഈ കുരുന്ന് വലിയ മനസിന് ഉടമ

നടന്‍ ധനേഷ് ആണ് വിനയിന്റെ നന്മ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കൊച്ചി: രണ്ടാം വട്ടവും പ്രളയം തകര്‍ത്ത കേരളക്കരയെ വീണ്ടും പടുത്തുയര്‍ത്തുവാനുള്ള കഠിന ശ്രമത്തിലാണ് മലയാള മണ്ണ്. സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി ചെറുതും വലുതുമായ നിരവധി സംഭാവനകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തുന്നത്. ഇപ്പോള്‍ കേരളത്തിനു വേണ്ടി സ്വന്തമായി അധ്വാനിച്ച് പണം നല്‍കാന്‍ ഒരുങ്ങുകയാണ് വിനയ് എന്ന വിദ്യാര്‍ത്ഥി. ഈ പണത്തിന് കോടിയേക്കാള്‍ മൂല്യമാണ് ഉള്ളത്.

നടന്‍ ധനേഷ് ആണ് വിനയിന്റെ നന്മ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിനയ് അനാഥനാണ്. അമ്മയോ അച്ഛനോ ബന്ധുക്കളോ ഇല്ല. ലോട്ടറി വിറ്റും മറ്റുമാണ് വിനയ് പഠിക്കാനുള്ള പണവും നിത്യചെലവും കണ്ടെത്തുന്നത്. ഇതില്‍ നിന്ന് സ്വരുക്കൂട്ടിയ പണമാണ് ഇവന്‍ കേരളക്കരയ്ക്ക് വേണ്ടി നല്‍കുന്നതെന്ന് ധനേഷ് കുറിക്കുന്നു.

വിനയിയുടെ വാക്കുകള്‍;

‘അതേ ചേട്ടാ.. ഞാന്‍ ഒറ്റയ്ക്കാണേ ജീവിക്കുന്നെ. അച്ഛനേം അമ്മേനെയും പണ്ടേ നഷ്ടപ്പെട്ട് പോയി. അപ്പോള്‍ പ്രളയത്തില്‍ കുടുംബക്കാരെ നഷ്ടപ്പെട്ടവരുടെ വിഷമം എനിക്കറിയാ.. ഞാന്‍ ജോലി ചെയ്യണുണ്ട്. ലോട്ടറി വില്‍പ്പന.. അത് വച്ചിട്ടാ പഠിക്കുന്നെതൊക്കെ.. ഹനുമാന്‍ കോവിലിന്ന് 4 നേരം ഭക്ഷണം കിട്ടും. അതോണ്ട് കുഴപ്പം ഇല്ല. ഒരു മാസത്തെ പൈസ എന്റെ കൈയ്യില്‍ ഉണ്ട്. അത് മതിയാകോ നമുക്ക് സാധനങ്ങള്‍ വാങ്ങാന്‍.?

ഈ ചോദ്യത്തിലൂടെ നമ്മുടെ കണ്ണും മനസും ഒരുപോലെ നിറഞ്ഞുവെന്ന് ധനേഷ് കുറിക്കുന്നു. ‘ഇന്നാണ് ഈ കൊച്ചനിയനെ കാണാന്‍ സാധിച്ചത്. കൂടുതല്‍ പരിചയപെട്ട് വന്നപ്പോള്‍ ഇവനോടുള്ള ബഹുമാനം കൂടുകയാണെന്ന് ധനേഷ് കുറിച്ചു. വിനയിയോടൊപ്പമുള്ള ചിത്രവും ധനേഷ് പങ്കുവെച്ചിട്ടുണ്ട്. ഈ കുരുന്ന് വലിയ മനസിന് ഉടമയാണെന്ന് സോഷ്യല്‍മീഡിയയും കുറിച്ചു. കൂടാതെ അഭിനയ മോഹം കൊണ്ട് ഒരുപാട് സിനിമ സെറ്റുകളിലും ഓഡീഷനുകളിലും വിനയ് പോയിട്ടുണ്ടെന്നും ധനേഷ് വെളിപ്പെടുത്തി. കൊച്ചിയില്‍ നിന്നും ബോംബെ വരെ പോയിട്ടുണ്ട് ചാന്‍സ് ചോദിച്ചു കൊണ്ട്. രണ്ട് മൂന്ന് സിനിമകളില്‍ തല കാണിച്ചു. കുറെ സിനിമകള്‍ ചെയ്യണം നല്ല നടന്‍ ആകണം എന്നൊക്കെയാണ് ഈ മിടുക്കന്റെ ആഗ്രഹമെന്നും ധനേഷ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കൂടെ നില്‍ക്കുന്ന ആ കൊച്ചു പയ്യന്‍ ഇല്ലേ.. ഇവനാണ് ആ മിടുക്കന്‍.. വിനയ്.. പ്ലസ് ടു കഴിഞ്ഞു.. അച്ഛനും അമ്മയും ആരും ഇല്ല. ലോട്ടറി വില്‍പ്പനയില്‍ നിന്നും കിട്ടുന്ന പൈസ കൊണ്ടാണ് പഠിക്കുന്നതും ജീവിക്കുന്നതും. പ്രളയം വന്ന സമയത്ത് ഒരു ഫോണ്‍ കോളിലൂടെയാണ് വിനയനെ പരിചയപ്പെടുന്നത്. ‘ജോലി ചെയ്തു കിട്ടിയ ഒരു മാസത്തെ പൈസ കയ്യില്‍ ഉണ്ട് ചേട്ടാ.. നമുക്ക് അവരെ സഹായിക്കണേ’ എന്ന് പറഞ്ഞ വലിയ മനസ്സിന്റെ ഉടമ.

ഇന്നാണ് ഈ കൊച്ചനിയനെ കാണാന്‍ സാധിച്ചത്. കൂടുതല്‍ പരിചയപെട്ട് വന്നപ്പോള്‍ ഇവനോടുള്ള ബഹുമാനം കൂടുകയാണ്. അച്ഛനും അമ്മയും മരിച്ച ശേഷം ആന്റി ആയിരുന്നു നോക്കിയത്. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവരും ഒഴിവാക്കി പോയി. അച്ഛന്റെയും അമ്മയുടെയും മുഖമൊന്നും ഓര്‍മ്മ ഇല്ല. അവരുടെ ഫോട്ടോ പോലും ആന്റി കത്തിച്ചു കളഞ്ഞു.

പ്രശ്‌നങ്ങള്‍ക്ക് ഇടയിലും തളരാതെ പല ജോലികള്‍ ചെയ്തു. ഹോട്ടലില്‍ ജോലി ചെയ്തു.. ലോട്ടറി വില്‍പ്പന.. അഭിനയ മോഹം കൊണ്ട് ഒരുപാട് സിനിമ സെറ്റുകളിലും ഓഡീഷനുകളിലും പോയി. കൊച്ചിയില്‍ നിന്നും ബോംബൈ വരെ പോയിട്ടുണ്ട് ചാന്‍സ് ചോദിച്ചു കൊണ്ട്. രണ്ട് മൂന്ന് സിനിമകളില്‍ തല കാണിച്ചു. കുറെ സിനിമകള്‍ ചെയ്യണം നല്ല നടന്‍ ആകണം എന്നൊക്കെയാണ് ഈ മിടുക്കന്റെ ആഗ്രഹം.

Exit mobile version