വിങ്ങുന്ന നോവായി അലീനയും അവളുടെ പാഠപുസ്തകവും; കവളപ്പാറയിലെ തീരാനൊമ്പരം പങ്കുവെച്ച് അബ്ദുള്‍ സലീം

ഇദ്ദേഹത്തിന്റെ പോസ്റ്റ് കേരള അഗ്‌നി രക്ഷാ സേനയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

നിലമ്പൂര്‍: ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും കൊണ്ട് ദുരന്തം വിതച്ച കവളപ്പാറയിലെ കണ്ണീര്‍ കാഴ്ചകള്‍ തീരുന്നില്ല. നോവുന്ന കാഴ്ചകളും കഥകളും ഇപ്പോഴും വന്നുകൊണ്ടേയിരിക്കുകയാണ്. ഇപ്പോള്‍ തീരാവേദന പങ്കുവെച്ചിരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ അബ്ദുള്‍ സലീം ഇകെ എടവംകുന്നത്ത് ആണ്.

കവളപ്പാറ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തകരുടെ കണ്ണു നിറച്ച കാഴ്ചകളില്‍ ഒന്നായിരുന്നു തകര്‍ന്ന് വീണ വീട്ടിലെ കോണ്‍ക്രീറ്റ് തൂണിനടിയില്‍ നിന്നും രക്ഷക്കായ് നീട്ടിയ കൈകളുമായുള്ള കുഞ്ഞു അലീനയുടെ കിടപ്പെന്നാണ് അദ്ദേഹം കുറിച്ചത്. തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ ആ പേരും ആ പുസ്തകവും മനസിന് വല്ലാത്തൊരു ഭാരമാവുന്നുവെന്ന് അദ്ദേഹം കുറിച്ചു. ഇദ്ദേഹത്തിന്റെ പോസ്റ്റ് കേരള അഗ്‌നി രക്ഷാ സേനയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അവസാന ദിനം കരള് പിളര്‍ക്കുന്ന നോവായി
അലീനയുടെ
പാഠപുസ്തകവും……

കവളപ്പാറ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ദിനങ്ങളില്‍ ഞങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ കണ്ണു നിറച്ച കാഴ്ചകളില്‍ ഒന്നായിരുന്നു തകര്‍ന്ന് വീണ വീട്ടിലെ കോണ്‍ഗ്രീറ്റ് തൂണിനടിയില്‍ നിന്നും രക്ഷക്കായ് നീട്ടിയ കൈകളുമായി കുഞ്ഞു അലീനയുടെ കിടപ്പ്! അച്ഛന്റെ കൈയ്യില്‍ നിന്നും പിടി വിട്ട് നൂലിട വ്യത്യാസത്തിലായിരുന്നുഅലീനയുടെ ജീവനെടുത്ത് മുത്തപ്പന്‍ കുന്ന് വീടിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിനൊപ്പം ഒലിച്ചിറങ്ങിയത്.

ഇനിയും കണ്ടെത്താനുള്ള പതിനൊന്ന് പേര്‍ക്കായുള്ള അവസാനഘട്ട തിരച്ചിലിനായി ഇന്ന്ഒരിക്കല്‍ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തിയപ്പോഴാണ് ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാഠപുസ്തകം കൈയ്യില്‍ തടഞ്ഞത്….. ഇന്ന് തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോള്‍ ആ പേരും ആ പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നു…..

Exit mobile version