‘തന്റെ ട്വീറ്റ് മോഡി സ്തുതിയായി വളച്ചൊടിച്ചു’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തരൂര്‍

മോഡിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാമെന്ന മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്കും തരൂര്‍ മറുപടി നല്‍കി

ന്യൂഡല്‍ഹി; മോഡി സ്തുതിയുമായി ബന്ധപ്പെട്ട് വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി. തന്റെ ട്വീറ്റ് മോഡി സ്തുതിയായി വളച്ചൊടിച്ചുവെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ശശി തരൂര്‍ പറഞ്ഞു. മോഡി സര്‍ക്കാരിനെ എന്നും വിമര്‍ശിച്ചിട്ടുണ്ട്. മോഡിക്കെതിരെ ക്രിയാത്മക വിമര്‍ശനം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ശശി തരൂര്‍ വ്യക്തമാക്കി.

മോഡിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാമെന്ന മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്കും തരൂര്‍ മറുപടി നല്‍കി.താന്‍ പാര്‍ട്ടി വിടണമെന്ന് പറഞ്ഞ ആള്‍ തിരിച്ചെത്തിയത് 8 വര്‍ഷം മുമ്പാണെന്ന് മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി തരൂര്‍ പറഞ്ഞു.

തരൂരിന്റെ മോഡി പ്രശംസക്ക് എതിരെ നിരവധി നേതാക്കളാണ് നേരത്തെ രംഗത്ത് വന്നത്. കെ മുരളീധരന്‍ എംപി , ബെന്നി ബെഹനാല്‍ എംപി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമേന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കളാണ് തരൂരിന് എതിരെ രംഗത്ത് വന്നത്.

അതെസമയം, വിഷയത്തില്‍ ശശി തരൂരില്‍ നിന്ന് കെപിസിസി വിശദീകരണം തേടും. തരൂരിന്റെ മോഡി പ്രശംസയില്‍ നേതാക്കള്‍ ആവര്‍ത്തിച്ച് എതിര്‍പ്പ് അറിയിച്ചിട്ടും തിരുത്താന്‍ സന്നദ്ധനാവാത്ത സാഹചര്യത്തിലാണ് തരൂരില്‍ നിന്ന് വിശദീകരണം തേടുന്നത്. വിശദീകരണം ലഭിച്ചതിനു ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉന്നത കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു.

Exit mobile version