ശബരിമല വിഷയം; സമവായ ചര്‍ച്ചക്ക് ഒരുങ്ങി സര്‍ക്കാര്‍; 15ന് സര്‍വ്വ കക്ഷിയോഗം വിളിച്ചു

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സമവായത്തിനൊരുങ്ങി സര്‍ക്കാര്‍. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സര്‍വ്വ കക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക. ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ത്ത് നല്‍കിയ പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിക്കേതിരായി സമര്‍പ്പിച്ചിരിക്കുന്ന 50 റിവ്യൂ ഹര്‍ജികളും 3 റിട്ട് ഹര്‍ജികളുമാണ് തുറന്ന കോടതി പരിഗണിക്കുന്നത്. ജനുവരി 22നാണ് കേസില്‍ വാദം കേള്‍ക്കുക.

സാധാരണ രീതിയില്‍ പഴയ വിധിയുമായി ബന്ധപ്പെട്ട് വീണ്ടും വാദം കേള്‍ക്കാന്‍ കോടതി തയ്യാറായാല്‍ പഴയ വിധിക്ക് സ്റ്റേ വരികയാണ് ചെയ്യുക. എന്നാല്‍ നേരത്തെ പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതിയുടെ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ യുവതികള്‍ ശബരിമലയില്‍ സന്ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് വന്നാല്‍ അവര്‍ക്കു സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഈ സാഹചര്യവും കൂടി കണക്കിലേടുത്താണ് വിഷയത്തില്‍ സര്‍ക്കാര്‍ സമവായ ചര്‍ച്ചക്ക് ഒരുങ്ങുന്നത്.

Exit mobile version