‘അനുദിനം ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപിയുടെ നേതൃനിരയില്‍ അരുണ്‍ ജെയ്റ്റ്‌ലി ഒരാശ്വാസമായിരുന്നു’; തോമസ് ഐസക്ക്

'പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. എന്തുകൊണ്ടും സമകാലിക ബിജെപി നേതാക്കളില്‍ വ്യത്യസ്തന്‍.

തൃശ്ശൂര്‍; മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്ക്. പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂര്‍വ വ്യക്തിത്വമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ആ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് തോമസ് ഐസക്ക് പറഞ്ഞു.

വലിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതുവരെ കാണാത്ത സാമ്പത്തികമാന്ദ്യത്തിലേയ്ക്കാണ് നാം നീങ്ങുന്നത്. ജെയ്റ്റ്‌ലിയെപ്പോലെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ചെവി കൊടുക്കുന്ന ഒരു നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അനുശോചനം രേഖപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റ്;

‘പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. എന്തുകൊണ്ടും സമകാലിക ബിജെപി നേതാക്കളില്‍ വ്യത്യസ്തന്‍. എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം എപ്പോഴും ചെവി കൊടുത്തിരുന്നു. അവയ്‌ക്കൊക്കെ ജനാധിപത്യപരമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ജിഎസ്ടി കൗണ്‍സിലില്‍ ഞാന്‍ നേരിട്ടു മനസിലാക്കിയിരുന്നു. അനുദിനം ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപിയുടെ നേതൃനിരയില്‍ അരുണ്‍ ജെയ്റ്റ്‌ലി ഒരാശ്വാസമായിരുന്നു.

പ്രകോപനത്തിന്റെ ആക്രോശം ഒരിക്കല്‍പ്പോലും ആ നാവില്‍നിന്ന് രാജ്യം കേട്ടിട്ടില്ല. സഭയിലെ ഡിബേറ്റുകളില്‍ അദ്ദേഹത്തിന്റെ ശൈലിയും നിലവാരവും എതിരാളികളുടെയെല്ലാം ആദരവും അംഗീകാരവും നേടിയിരുന്നു. സീതാറാം യെച്ചൂരിയുടെയും പി രാജീവിന്റെയും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ എത്ര ഔന്നിത്യത്തിലാണ് അദ്ദേഹം കണ്ടത് എന്ന് രാജ്യസഭയില്‍ നിന്ന് അവര്‍ പിരിഞ്ഞപ്പോള്‍ നടത്തിയ പ്രസംഗങ്ങളില്‍ രാജ്യം ദര്‍ശിച്ചു.

ജിഎസ്ടി നടപ്പിലാക്കിയപ്പോഴും രാഷ്ട്രീയഭൂരിപക്ഷത്തിന്റെ അംഗബലത്തിലല്ല അദ്ദേഹം വിശ്വസിച്ചത്. ലോട്ടറിയുടെ നികുതി നിരക്ക് തീരുമാനിച്ചത് ഉദാഹരണം. പല ബിജെപി നേതാക്കളുടെയും താല്‍പര്യത്തിനു വിരുദ്ധമായ തീരുമാനമായിരുന്നു ജിഎസ്ടി കൗണ്‍സില്‍ കൈക്കൊണ്ടത്. സമവായത്തിന് പ്രാധാന്യം നല്‍കിയ ജെയ്റ്റ്‌ലിയുടെ നിലപാടു മൂലമാണ് ആ തീരുമാനമുണ്ടായത്.

വലിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതുവരെ കാണാത്ത സാമ്പത്തികമാന്ദ്യത്തിലേയ്ക്കാണ് നാം നീങ്ങുന്നത്. ജെയ്റ്റ്‌ലിയെപ്പോലെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ചെവി കൊടുക്കുന്ന ഒരു നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേര്‍പാട്. ആ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

Exit mobile version