ബാലഭാസ്‌കറിന്റെ മരണം; കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെ; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

അര്‍ജുന്റെ തലയ്ക്ക് പരിക്കേറ്റത് മുന്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കര്‍ മരിക്കാനിടയായ സംഭവത്തില്‍, അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ ആണെന്ന് തെളിഞ്ഞു. ഫോറന്‍സിക് പരിശോധനയിലാണ് അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന് തെളിഞ്ഞത്. അര്‍ജുന്റെ തലയ്ക്ക് പരിക്കേറ്റത് മുന്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം.

പിന്‍സീറ്റിന്റെ മധ്യ ഭാഗത്താണ് ബാലഭാസ്‌കര്‍ ഇരുന്നതെന്നും അപകട സമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തി. അപകട സമയത്ത് കാര്‍ അമിത വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

അര്‍ജുന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റിരുന്നു. ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ പരിക്കേല്‍ക്കുകയെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്ന് അര്‍ജുനെതിരെ മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം ചുമത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

അതേസമയം അപകടത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് ഫോറന്‍സിക് പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25നായിരുന്നു വാഹനാപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചത്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണി വാഹനാപകടത്തില്‍ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കിയത്.

Exit mobile version