വീണ്ടും സംസ്ഥാനത്ത് എടിഎം വഴി മോഷണ ശ്രമം; എറണാകുളത്ത് എടിഎം തകര്‍ത്ത് പുറത്തെത്തിച്ചാണ് മോഷണ ശ്രമം നടന്നത്, പ്രതികള്‍ക്കായ് തെരച്ചില്‍ ആരംഭിച്ചു

കൊച്ചി: വീണ്ടും സംസ്ഥാനത്ത് എടിഎം വഴി മോഷണ ശ്രമം. എറണാകുളം വാഴക്കുളത്ത് എടിഎം തകര്‍ത്താണ് മോഷണ ശ്രമം നടത്തിയത്. ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. എടിഎം പുറത്തെത്തിച്ചാണ് മോഷണ ശ്രമം നടന്നത്.

പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മോഷ്ടാക്കള്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത ശേഷം എടിഎം പുറത്തേക്ക് എടുത്തുകൊണ്ട് പോവുകയായിരുന്നു. ശേഷം സമീപത്തെ പറമ്പില്‍ വെച്ചാണ് കവര്‍ച്ചാ ശ്രമം നടത്തിയിരിക്കുന്നത്. എടിഎമ്മില്‍ ആറ് ലക്ഷം ഉണ്ടായിരുന്നെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തിയാല്‍ മാത്രമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ എടിഎം മെഷിനൊപ്പം ഉണ്ടായിരുന്ന സിഡിഎം മെഷിനില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സിസിടിവി ക്യാമറ മൂടിയതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ശരിക്കും പതിഞ്ഞിട്ടില്ല. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷ്ണം ആരംഭിച്ചു.

Exit mobile version