ഒറ്റ നിമിഷത്തില്‍ നഷ്ടപ്പെട്ടത് എട്ടുപേരെ; ജീവിതത്തില്‍ നന്ദുവിന് കൂട്ടായി അമ്മ സൗമ്യ മാത്രം, അവസാനമില്ലാതെ കവളപ്പാറയിലെ കണ്ണീര്‍ മുഖങ്ങള്‍

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ നന്ദുവിനും അമ്മ സൗമ്യയ്ക്കും പോകാന്‍ വീടില്ല, മണ്‍കൂന മാത്രം.

കവളപ്പാറ: പ്രളയത്തിനേക്കാള്‍ ഉപരി കവളപ്പാറയില്‍ നാശം വിതച്ചത് മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലുമാണ്. മഴയുടെ ശക്തി കുറഞ്ഞ് കേരളം വീണ്ടും പടുത്തുയര്‍ത്തുവാനുള്ള ശ്രമവും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കവളപ്പാറ എന്ന ദുരന്തമുഖത്ത് കണ്ണീര്‍ കഥകള്‍ അവസാനിക്കുന്നില്ല. ഇപ്പോഴും ക്യാംപുകളില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ് ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെട്ട തങ്ങളുടെ ഉറ്റവരെയും ഉടയവരെയും ഓര്‍ത്ത്.

ഇപ്പോള്‍ കണ്ണീര്‍ ബാക്കിയാവുന്നത് സൗമ്യയ്ക്കും മകന്‍ നന്ദുവിനുമാണ്. മുത്തപ്പന്‍കുന്ന് മറിഞ്ഞുവീണ ആ രാത്രിയില്‍ നിലമ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാലാണ് സൗമ്യയും നന്ദുവും മാത്രം ബാക്കിയായത്. ഏഴാം ക്ലാസുകാരനായ വിജയചന്ദ്രന്‍ എന്ന നന്ദുവിന് പനി വന്ന് ആഗസ്റ്റ് അഞ്ചിനാണ് ആശുപത്രിയിലെത്തിയത്.

പനി മാറി അവിടെനിന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ എത്തിയത്. ഒറ്റ നിമിഷത്തില്‍ ഒരുവീട്ടില്‍ ഒന്നിച്ച് ഉണ്ടുറങ്ങി കഴിഞ്ഞിരുന്ന എട്ട് പേരെയാണ് നഷ്ടപ്പെട്ടത്. നന്ദുവിന്റെ പിതാവ് വിജേഷ്, അനിയത്തി വിഷ്ണുപ്രിയ, വിജേഷിന്റെ സഹോദരന്‍ സന്തോഷ്, അമ്മ കല്യാണി, കല്യാണിയുടെ അമ്മ ചക്കി, വിജേഷിന്റെ സഹോദരിമാരായ വിജയലക്ഷ്മി, സുനിത, ശ്രീലക്ഷ്മി എന്നിവരാണ് മണ്ണിനടിയില്‍ ആയത്.

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ നന്ദുവിനും അമ്മ സൗമ്യയ്ക്കും പോകാന്‍ വീടില്ല, മണ്‍കൂന മാത്രം. ഒടുവിലാണ് അവര്‍ ക്യാംപില്‍ എത്തിയത്. ഇപ്പോള്‍ നന്ദുവിന് കൂട്ടായി അമ്മ സൗമ്യയും സൗമ്യയ്ക്ക് കൂട്ടായി നന്ദുവും മാത്രമാണ് ഉള്ളത്. എല്ലാ വേദനകളും ഉള്ളില്‍ അടക്കി ഇന്ന് അവര്‍ വിധിയോട് പോരാടുകയാണ്.

Exit mobile version