രാഹുലിന്റെ കിറ്റ് നിലമ്പൂരിലും എത്തി; എണ്ണായിരം വീടുകളിലാണ് കിറ്റുകളെത്തുക

പ്രളയബാധിതര്‍ക്ക് സഹായവുമായി രാഹുലിന്റെ കിറ്റ് നിലമ്പൂരിലും എത്തി. വയനാട് ജില്ലയിലെ പ്രളയാനന്തര സഹായത്തിന് പിന്നാലെയാണ് സ്ഥലം എംപി കൂടിയായ രാഹുല്‍ ഗാന്ധി നിലമ്പൂരിലേക്കും സഹായം എത്തിച്ചത്. കിറ്റുകള്‍ ഓരോ വീട്ടിലും യുഡിഎഫ് പ്രവര്‍ത്തകര്‍ നേരിട്ട് തന്നെ എത്തിക്കും.

നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭ മണ്ഡലങ്ങളിലേക്കായി 40 ടണ്‍ അരിയാണ് വിതരണത്തിനെത്തിച്ചത്. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, പലചരക്കുസാധനങ്ങള്‍, പുതപ്പ്, ടീഷര്‍ട്ട്, സാരി, ചെരുപ്പ് തുടങ്ങിയ സാധനങ്ങളെല്ലാം കിറ്റിലുണ്ടാവും. എണ്ണായിരം വീടുകളിലാണ് രാഹുല്‍ ഗാന്ധിയുടെ കിറ്റുകളെത്തുക.

ഈ മഴക്കെടുതിയില്‍ ഏറ്റവും നാശം വിതച്ച പ്രദേശങ്ങളാണ് മലപ്പുറം കവളപ്പാറയും, വയനാട് പുത്തുമലയും. ശക്തമായ മഴയില്‍ നിരവധി മരണവും, നാശനഷ്ടങ്ങളുമാണ് ഇവിടെ ഉണ്ടായത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുന്നു. പ്രളയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി നിലമ്പൂര്‍ കവളപ്പാറയിലെ ദുരന്തമേഖലയിലും ക്യാംപുകളില്‍ നേരിട്ടെത്തിയിരുന്നു.

Exit mobile version