നാടിന്റെ ദുരിതാശ്വാസത്തിനായി ഒരു എപ്പിസോഡ് നീക്കിവെച്ചത് സ്വാഗതാര്‍ഹം; ഉപ്പും മുളകും സീരിയലിന് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

ഈ എപ്പിസോഡ് ഷെയര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം ടീമിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: പ്രളയം നാശം വിതച്ച കേരളക്കരയെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ന് മലയാളികള്‍ സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമായി സംഭാവനകളുടെ പ്രവാഹമാണ്. കുട്ടികളുടെ കുഞ്ഞു സമ്പാദ്യം മുതല്‍ പ്രമുഖ വ്യവസായികളുടെ കോടികള്‍ വരെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തുന്നത്.

ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിനെ അഭിനന്ദിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാര്‍ഹമാണെന്നാണ് മുഖ്യമന്ത്രി കുറിച്ചത്. സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡ് കേരളത്തിന്റെ അതിജീവനത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഈ എപ്പിസോഡ് ഷെയര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം ടീമിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ്. നാടിന്റെ അതിജീവനത്തിന് സഹായം പകരാന്‍ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്‌ലവേഴ്‌സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്. അതിന്റെ ശില്‍പികളെ അഭിനന്ദിക്കുന്നു.

Exit mobile version