മഴക്കെടുതിയില്‍ മരണം 115 ; കവളപ്പാറയിലും, പുത്തുമലയിലും ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും

നിലമ്പൂര്‍: കനത്ത മഴയില്‍ നാശം വിതച്ച കവളപ്പാറയിലും, പുത്തുമലയിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. കവളപ്പാറയില്‍ നിന്നും ഇനി 19 പേരെ കണ്ടെത്താനുണ്ട്. അതേസമയം പുത്തുമലയില്‍ നിന്നും കാണാതായ 7 പേരെയാണ് കണ്ടെത്തേണ്ടത്.

അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്നും ഇതുവരെ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 19 പേര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്. അതേസമയം വയനാട് പുത്തുമലയില്‍ അഞ്ച് ദിവസമായി നടത്തിയ തെരച്ചിലില്‍ ഒരാളെപ്പോലും കണ്ടെത്താനായില്ല. 115 പേരാണ് സംസ്ഥാനത്താകെ മഴക്കെടുതിയില്‍ മരിച്ചത്.

ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് മണ്ണുമാന്തി യന്ത്രമുപയോഗിച്ചുള്ള തെരച്ചില്‍ ഇനി ഫലപ്രദമാവില്ല, അതിനാല്‍ ജിപിആര്‍ സംവിധാനം ഉപയോഗിച്ചാണ് തെരച്ചില്‍ നടക്കുക. ഇതിനായി ഹൈദരാബാദിലെ നാഷണല്‍ ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആറംഗ ശാസ്ത്രജ്ഞരുടെ സ്ഥലത്തെത്തി. രണ്ട് സെറ്റ് ജിപിആര്‍ ഉപകരണം സംഘത്തിന്റെ കൈവശമുണ്ട്. ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍ നിന്ന് വരെയുള്ള സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ ഉപകരണത്തിന് സാധിക്കും. കണ്‍ട്രോള്‍ യൂണിറ്റ്, സ്‌കാനിംഗ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിന്റെ ഭാരം.

Exit mobile version