കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു, ഇനി കണ്ടെത്തേണ്ടത് 20 പേരെ

മലപ്പുറം: നിലമ്പൂര്‍ കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 39 ആയി. ഇനി 20 പേരെയാണ് കണ്ടെത്തേണ്ടത്. കാണാതയവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുരുകയാണ്. പതിനാലോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ദിവസങ്ങളോളമായി നടക്കുന്ന തെരച്ചിലിനിടെ കാലാവസ്ഥാ പ്രതികൂലമായി ബാധിച്ചിരുന്നെങ്കിലും, ഇപ്പോള്‍ അനുകൂല കാലാവസ്ഥയാണ് പ്രദേശത്ത്.

മാപ്പിംഗ് പ്രകാരം വീടുണ്ടായിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്യത്തില്‍ തിരച്ചില്‍ നടക്കുന്നത്. ഇനി 20 പേരെയാണ് ഇവിടെ നിന്നും കണ്ടെത്തേണ്ടത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറ മുത്തപ്പന്‍കുന്നിന്റെ മുകള്‍ഭാഗം വിണ്ട്കീറി കുത്തിയൊലിച്ച് ചളിയുടെ പുഴപോലെ താഴേക്ക് പതിച്ചത്. ചളിയും വെള്ളവും പകുതിവഴി പിന്നിട്ടപ്പോള്‍ രണ്ട് ദിശകളിലേക്കായി തിരിഞ്ഞു ,പിന്നീട് കൂടിച്ചേര്‍ന്ന് പരന്ന് ഒഴുകുകയായിരുന്നു. മലയില്‍ നിന്ന് വന്ന അതിശക്തമായ മണ്ണൊലിപ്പില്‍ 59 പേരാണ് ഉള്‍പ്പെട്ടത്. ഇതില്‍ 39 പേരെ കണ്ടെത്തി.

Exit mobile version