ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ മേഖലയില്‍ ഭൂമിക്ക് വിള്ളല്‍; ആശങ്കയില്‍ ജനങ്ങള്‍

പ്രദേശത്ത് മൂന്ന് കിലോമീറ്ററിലേറെ ദൂരത്തിലാണ് വിള്ളലുള്ളത്

കല്ലടിക്കോട്: വട്ടപ്പാറ മേഖലയില്‍ വ്യാപകമായി ഭൂമി വിണ്ട് കീറുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചലിലും വലിയ തോതില്‍ താശം വിതച്ച പാലക്കയം വട്ടപ്പാറ മേഖലയിലാണ് ഭൂമി വിണ്ട് കീറി അകന്ന് പോകുന്നത്. ഇതോടെ ക്യാംപിലെത്തിയ പ്രദേശത്തുക്കാര്‍ വട്ടപ്പാറയിലെ വീടുകളിലേക്ക് മടങ്ങിപോകാന്‍ മടിക്കുന്നു. ഈ മേഖലകളില്‍ വിള്ളലുകളുടെ അകലവും നീളവും വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് മൂന്ന് കിലോമീറ്ററിലേറെ ദൂരത്തിലാണ് വിള്ളലുള്ളത്.

അതേസമയം ചില സ്ഥലങ്ങളില്‍ കൃഷിഭൂമിയില്‍ 15 അടിയിലേറെ മണ്ണ് താഴ്ന്നു പോയതായി ശ്രദ്ധയില്‍ പെട്ടു. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് വട്ടപ്പാറയിലെ 56 കുടുംബങ്ങളില്‍ 52 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഇതില്‍ 43 കുടുംബങ്ങളിലെ 155 പേരും കുണ്ടംപൊട്ടി സിഎസ്‌ഐ ദേവാലയത്തിലെ ക്യാംപിലാണുള്ളത്. കുണ്ടംപൊട്ടി വട്ടപ്പാറ റോഡ് ഏത് നിമിഷവും ഇടിയാവുന്ന അവസ്ഥയില്‍ വ്യാപകമായി വിണ്ടു കീറി. ഇതുവരെ ഈ പ്രദേശത്ത് ശുദ്ധജലവും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. വ്യാപകമായി ഭൂമിയുടെ വിള്ളലിനെ തുടര്‍ന്ന് ചെട്ടിയത്ത് ദേവസ്യയുടെ വീട് പിളര്‍ന്നു.

ഈ സാഹചര്യത്തില്‍ വീട് പുനഃര്‍നിര്‍മ്മിക്കാനും ക്യാംപില്‍ നിന്ന് തിരിച്ച് വീടുകളിലേക്ക് മടങ്ങാനും ഭയക്കുകയായിരുന്നു. വട്ടപ്പാറയില്‍ കോടികളുടെ കൃഷി നാശമാണ് ഉണ്ടായതെന്നാണ് കണക്ക്. ഈ മേഖലയിലെ മലയോര റോഡുകള്‍ തകര്‍ന്നതോടെ പായപ്പുല്ല്, അച്ചിലട്ടി, മുന്നാം തോട് പ്രദേശങ്ങളിലേക്കുള്ള യാത്ര ബുദ്ധിമുട്ടിലാണ്. വട്ടപ്പാറ പ്രദേശത്തെ പ്രത്യേക സാഹചര്യം വിദഗ്ധ സംഘം വിലയിരുത്തണമെന്നും സുരക്ഷിത താമസം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Exit mobile version