കൊച്ചി:’മമ്മാലി എന്ന ഇന്ത്യക്കാരന്‍’ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് ഈ സിനിമാ പേര് ആണ്. ചുരുക്കം ചില തീയ്യേറ്ററുകളില്‍ മാത്രം ഇറങ്ങിയ ചിത്രത്തിന് പറയത്തക്ക വല്യ കളക്ഷന്‍ ഒന്നുമില്ല. എന്നാല്‍ നന്മ നിറഞ്ഞ പ്രവര്‍ത്തിയിലൂടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുകയാണ്. ചിത്രത്തിന് ആകെ കിട്ടിയ തീയ്യേറ്റര്‍ കളക്ഷന്‍ 10314 രൂപയാണ്.
അതില്‍ നിന്ന് 50 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ തിരക്കഥാകൃത്ത് റഫീക്ക് മംഗലശ്ശേരി ഫേസ്ബുക്കിലാണ് ഇക്കാര്യം പങ്കുവച്ചത്. വളരെ കുറഞ്ഞ തുകയാണ് ലഭിച്ചത് എങ്കിലും അത് നന്‍മയ്ക്കായി ഉപയോഗിച്ചതിന്റെ സന്തോഷമുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഈ തീരുമാനത്തിന് നിറകൈയ്യടികളാണ് സോഷ്യല്‍മീഡിയയും നല്‍കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രിയമുള്ളവരേ ….
ഏറെ അഭിമാനത്തോടെ പറയട്ടെ … ഞാനാദ്യമായ് സ്‌ക്രിപ്പ്റ്റ് എഴുതിയ മമ്മാലി എന്ന ഇന്ത്യക്കാരന്‍ എന്ന സിനിമയ്ക്ക് ഇതുവരെ ലഭിച്ച കളക്ഷന്റെ 50 ശതമാനം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കട്ടെ ….!
സമാന്തര സിനിമയായ മമ്മാലി വിരലിലെണ്ണാവുന്ന തിയേറ്ററുകളിലൂടെ നേടിയ കളക്ഷന്‍ വളരെ ചെറുതാണെങ്കിലും, ഈ പ്രവൃത്തി മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമാവട്ടെ ….! മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് തയ്യാറായ നിര്‍മ്മാതാവ് കാര്‍ത്തിക് കെ. നഗരത്തിന് അഭിവാദ്യങ്ങള്‍ ……!