കനത്ത മഴ; കവളപ്പാറയില്‍ തെരച്ചില്‍ നിര്‍ത്തിവെച്ചു; രക്ഷാപ്രവര്‍ത്തകരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു

അതിനിടെ ഇന്ന് രാവിലെ ഒരു ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു.

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ചു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് തെരച്ചില്‍ തത്ക്കാലം നിര്‍ത്തിവച്ചിരിക്കുന്നത്.

കനത്ത മഴയില്‍ ഏതു നിമിഷവും മണ്ണ് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് കവളപ്പാറയിലെ ഉരുള്‍പ്പൊട്ടല്‍ പ്രദേശം ഇപ്പോഴുള്ളത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തി രക്ഷാപ്രവര്‍ത്തകരെ എല്ലാം പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്.

രാവിലെ തെരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും മഴ കനത്തതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. അതിനിടെ ഇന്ന് രാവിലെ ഒരു ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ഇതോടെ ഇവിടെ നിന്നും 26 മൃതദേഹങ്ങള്‍ കണ്ടെത്തി. 33 പേരെ ഇനിയും കണ്ടെത്താനുണ്ട്.

മണ്ണിനകത്തായവരെ കണ്ടെത്താന്‍ സോണാര്‍ മാപ്പിംഗ് അടക്കം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അതൊന്നും കവളപ്പാറയിലെ പ്രത്യേക പരിതസ്ഥിതിയില്‍ പ്രായോഗികമല്ലെന്ന് കണ്ടെത്തി ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ ഏജന്‍സികളെ സമീപിക്കാനും പദ്ധതിയുണ്ട്.

അതെസമയം രക്ഷാപ്രവര്‍ത്തകര്‍ ഒഴികെ മറ്റാരേയും കവളപ്പാറയിലേക്ക് കടത്തിവിടേണ്ടെന്ന തീരുമാനത്തിലാണ് പോലീസ്. ദുരന്തം കാണാനെത്തുന്നവരുടെ അനിയന്ത്രിതമായ തിരക്ക് ആംബുലന്‍സിന്റെ പോലും വഴി മുടക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. ഇതോടെയാണ് ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് തയ്യാറായത്.

Exit mobile version