ആശങ്ക ഒഴിയുന്നില്ല; സംസ്ഥാനത്ത് മഴ കനക്കുന്നു; മീനച്ചിലാര്‍ കരകവിഞ്ഞു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായിത്തന്നെ തുടരുന്നു. കോട്ടയം, മലപ്പുഴ, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലുള്‍പ്പെടെ കനത്ത മഴയാണ് പെയ്യുന്നത്. എറണാകുളം നഗരത്തില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമില്ല. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈാരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി. മുവാറ്റുപുഴ പുനലൂര്‍ സംസ്ഥാന പാതയിലും വെള്ളം കയറി. നീരോഴുക്ക് കൂടിയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടി പിന്നിട്ടു. കുട്ടനാട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര് അവധി പ്രഖ്യാപിച്ചത്.

അതെസമയം രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

Exit mobile version