ദുരിതാശ്വാസ ക്യാംപില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയ യുവാവ് മരണപ്പെട്ടു; നടുങ്ങി ക്യാംപിലെ സഹവാസികളും രക്ഷാപ്രവര്‍ത്തകരും

ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്താണ് രക്ഷാപ്രവര്‍ത്തനത്തിന് പോയത്.

കോഴിക്കോട്: ദുരിതാശ്വാസ ക്യാംപില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയ യുവാവ് മരണപ്പെട്ടു. അകാല മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ക്യാംപിലെ സഹവാസികളും രക്ഷാപ്രവര്‍ത്തകരും. ചെറുവണ്ണൂരിലെ ക്യാംപില്‍ നിന്നാണ് കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീപം പൊന്നത്ത് ലിനു (34)ആണ് രക്ഷാപ്രവര്‍ത്തനത്തിന് പോയത്.

ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്താണ് രക്ഷാപ്രവര്‍ത്തനത്തിന് പോയത്. യുവാക്കള്‍ രണ്ട് സംഘമായാണ് തോണികളില്‍ പോയത്. ഇതിനിടയില്‍ ലിനുവിനെ കാണാതായി. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്ന ധാരണയിലും ഇരുന്നു. തിരികെ എത്തിയപ്പോഴാണ് ലിനു രണ്ട് തോണിയിലും ഇല്ലായിരുന്നു എന്ന് മനസിലായത്. തുടര്‍ന്ന്, അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തി. ഒടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ലിനു ക്യാംപില്‍ എത്തിയത്. മരണവിവരം ലിനുവിന്റെ അമ്മയെയും അച്ഛന്‍ സുബ്രഹ്മണ്യനെയും എങ്ങനെ അറിയിക്കുമെന്ന വിഷമത്തിലായിരുന്നു ഒപ്പമുള്ളവര്‍. സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളും ക്യാംപിലുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ക്യാംപിലെത്തിച്ചു. തൊട്ടടുത്ത് ചെറുവണ്ണൂര്‍ ഗവ. എച്ച്എസിലെ ക്യാംപിലും ലിനുവിന്റെ അയല്‍വാസികളില്‍ അനേകം പേരുണ്ട്. അവിടെയും പൊതുദര്‍ശനത്തിനു വച്ചു.

Exit mobile version