വിദ്യാര്‍ത്ഥിയെ സ്‌റ്റോപ്പില്‍ ഇറക്കാത്തതിന് നല്ല നടപ്പിനായി അയച്ച കണ്ടക്ടര്‍ സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തി; ആദരമൊരുക്കി ജില്ലാ ഭരണകൂടം

കഴിഞ്ഞ ജൂലൈ 23നാണ് സഹോദരനൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിയെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കി വിട്ടത്.

മലപ്പുറം: വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്‍ ഇറക്കാത്തതിന് നല്ല നടപ്പിനായി അയച്ച കണ്ടക്ടര്‍ സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തി. ഇനി മുതല്‍ സമൂഹത്തിനായി മാതൃകാപരമായി പ്രവര്‍ത്തിക്കുമെന്ന് കണ്ടക്ടര്‍ വിപി സക്കീര്‍ അലി ഉറപ്പ് നല്‍കിയിരിക്കുകയാണ്. ഏല്‍പ്പിച്ച സേവനം നല്ല രീതിയില്‍ തന്നെ പൂര്‍ത്തിയാക്കി എത്തിയ സക്കീറലിക്ക് ജില്ലാ ഭരണകൂടം ആദരവൊരുക്കി.

കഴിഞ്ഞ ജൂലൈ 23നാണ് സഹോദരനൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിയെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കി വിട്ടത്. തുടര്‍ന്ന് പരാതിയും നല്‍കി, ശേഷം നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ ബസ് സഹിതം കണ്ടക്ടര്‍ വിപി സക്കീറലി പിടിയിലായത്. പിന്നാലെ തവനൂരിലെ ശിശുഭവനില്‍ കെയര്‍ ടേക്കറായി പത്തു ദിവസം സൗജന്യസേവനം ചെയ്യാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ശിശുഭവനിലെ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും സേവനത്തിലെ ആത്മാര്‍ഥതയും ചൂണ്ടിക്കാട്ടി സുപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ സേവനകാലയളവ് ഏഴ് ദിവസമായി കുറച്ച് കൊടുത്തു. സേവനം പൂര്‍ത്തിയാക്കി എത്തിയപ്പോള്‍ ചൈല്‍ഡ് ലൈന്‍ മുന്‍കൈ എടുത്താണ്‌ ആദരമൊരുക്കിയത്.

ഇനി വിദ്യാര്‍ത്ഥികള്‍ അടക്കമുളള യാത്രക്കാരെ ആദരവോടെ കണ്ടു പെരുമാറുമെന്ന് സക്കീറലി ഉറപ്പു നല്‍കിയാണ് മടങ്ങിയത്. കുടുംബത്തിന്റെ അത്താണിയായ സക്കീര്‍ ഹുസൈന് ഫലകത്തിനൊപ്പം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്വന്തം ഓണറേറിയത്തില്‍ നിന്നു ശേഖരിച്ച തുകയും കൈമാറി.

Exit mobile version