സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ചുഴലിക്കാറ്റ്; ചാലക്കുടിക്കും മലപ്പുറത്തിനും പിന്നാലെ കൊച്ചിയിലും, കനത്ത നാശനഷ്ടം

ഇത്രയും ശക്തമായ കാറ്റ് തങ്ങളുടെ ഓര്‍മ്മയില്‍ തന്നെ ആദ്യമെന്ന് പ്രദേശത്തെ മുതിര്‍ന്നവരും പറയുന്നുണ്ട്.

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി വീണ്ടും ചുഴലിക്കാറ്റ് വീശിയടിച്ചിരിക്കുകയാണ്. എറണാകുളത്തെ ഏലൂരിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു, നിരവധി വീടുകള്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്തംഭിച്ചു. ചുഴലിക്കാറ്റില്‍ പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഏലൂര്‍ നഗരസഭാ പരിധിയിലെ 12,17,19 വാര്‍ഡുകളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. അഞ്ച് മിനിറ്റോളമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. തെങ്ങ് അടക്കമുള്ള മരങ്ങളാണ് കടപുഴകി വീണത്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനു പുറമെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവ സമയത്ത് വലിയ മഴയൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ കാറ്റ് വീശിയടിച്ചത് വലിയ ആശങ്ക വരുത്തിയിരിക്കുകയാണ്.

ഇത്രയും ശക്തമായ കാറ്റ് തങ്ങളുടെ ഓര്‍മ്മയില്‍ തന്നെ ആദ്യമെന്ന് പ്രദേശത്തെ മുതിര്‍ന്നവരും പറയുന്നുണ്ട്. ചുഴലിക്കാറ്റില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചുഴലിക്കാറ്റില്‍ 53 വീടുകളാണ് തകര്‍ന്നത്. ഫാക്ടിന്റെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കും കേടുപാടുകളുണ്ടായി. നിരവധി വൈദ്യുത പോസ്റ്റുകളും തകര്‍ന്നു. ക്രെയിനിന്റെ സഹായത്തോടെയാണ് റോഡിലേയ്ക്ക് വീണ വലിയ മരങ്ങള്‍ നീക്കം ചെയ്തത്. ആലുവ, ഏലൂര്‍, എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചുഴലിക്കാറ്റ് സംസ്ഥാനത്ത് വീശിയടിച്ചു കൊണ്ടേയിരിക്കുകയാണ്. ആദ്യം ചാലക്കുടി വെട്ടുകടവ് ഭാഗത്താണ് കാറ്റ് വീശിയടിച്ചത്. പിന്നാലെ മലപ്പുറത്തും ചുഴലിക്കാറ്റ് അടിച്ചിരുന്നു. മലപ്പുറത്ത് മാത്രം ഒരു കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് കൊച്ചിയിലും ചുഴലിക്കാറ്റ് അടിച്ചിരിക്കുന്നത്.

Exit mobile version