പ്രസവവേദനയുമായെത്തിയ യുവതിയെ തിരിഞ്ഞ് നോക്കിയില്ല; യുവതി ലേബര്‍ റൂമിന് പുറത്ത് നിന്നത് നാല് മണിക്കൂര്‍, തുടര്‍ന്ന് കുഞ്ഞ് മരിച്ചു, വീഡിയോ

ബംഗളൂരു കോലറിലെ കെജിഎഫ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കുമൊപ്പം ആശുപത്രിയിലെത്തിയ സമീറ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും ചികിത്സ നല്‍കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല

ബംഗളൂരു: ബംഗളൂരുവില്‍ പ്രസവവേദനയുമായെത്തിയ യുവതിയെ നാലു മണിക്കൂറോളം ലേബര്‍ റൂമിനു പുറത്ത് നിര്‍ത്തിയതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. 22കാരിയായ കോലര്‍ സ്വദേശി സമീറയ്ക്കാണ് നാലു മണിക്കൂര്‍ പുറത്ത് നിര്‍ത്തിയതിനെ തുടര്‍ന്ന് കുഞ്ഞിനെ നഷ്ടമായത്.

ബംഗളൂരു കോലറിലെ കെജിഎഫ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കുമൊപ്പം ആശുപത്രിയിലെത്തിയ സമീറ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും ചികിത്സ നല്‍കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ അവരെ അടുത്തുള്ള ആര്‍ എല്‍ ജലപ്പ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.

അല്പം കൂടി വൈകിയിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അതേസമയം ആദ്യമെത്തിയ ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

അതേസയമം ലേബര്‍ റൂമിനു മുന്നിലിരുന്ന് വേദന കൊണ്ട് പുളയുന്ന സമീറയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ ശിവകുമാറിനെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ആശുപത്രി ആധികൃതര്‍ക്കെതിരെ സമീറയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version