ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടികളെ പരസ്യമായി നഗ്‌നരാക്കി പരിശോധിച്ചു; പരാതിയുമായി രക്ഷിതാക്കള്‍

കോട്ടയം ബിഗ് ബസാറിലാണ് സംഭവം. കഴിഞ്ഞ ദിവസം സഹോദരങ്ങള്‍ക്കൊപ്പം എത്തിയ കുട്ടികളെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ പാന്റും ഷര്‍ട്ടും ഊരി പരിശോധന നടത്തിയത്

കോട്ടയം: ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടഞ്ഞ് നിറുത്തി പരസ്യമായി നഗ്‌നരാക്കി പരിശോധിച്ചെന്ന് രക്ഷിതാക്കളുടെ പരാതി. കോട്ടയം ബിഗ് ബസാറിലാണ് സംഭവം. കഴിഞ്ഞ ദിവസം സഹോദരങ്ങള്‍ക്കൊപ്പം എത്തിയ കുട്ടികളെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ പാന്റും ഷര്‍ട്ടും ഊരി പരിശോധന നടത്തിയത്.

അതേസമയം സിസിടിവി നോക്കാമല്ലോയെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ കൂട്ടാക്കിയില്ല. പരസ്യമായി കുട്ടികളെ നഗ്നരാക്കി പരിശോധന നടത്തിയതിനെ തുടര്‍ന്ന് കുട്ടികളുടെ മാനസിക നില തകര്‍ന്നെന്ന് പരാതിയില്‍ പറയുന്നു.

ബാലാവകാശ കമ്മിഷനിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ കടയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിഗ്നല്‍ സൗണ്ട് ഉണ്ടായതിനെ തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധന നടത്തിയത്.

എന്നാല്‍ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ജീവനക്കാര്‍ കുട്ടികളെ നഗ്നകരാക്കി പരിശോധിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ കേസെടുക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.

Exit mobile version