കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മരണം; കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചെന്ന് പ്രാഥമിക നിഗമനം

നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി വലയിലയെന്നും പോലീസ് വ്യക്തമാക്കി

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷാലുവിന്റെ മരണം കഴുത്തില്‍ സാരി കുരുക്കിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണെന്ന് പ്രാഥമിക നിഗമനം. കോഴിക്കോട് കെഎസ്ആര്‍ടിസിക്കു പിന്‍വശം യുകെഎസ് റോഡരികിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി വലയിലയെന്നും പോലീസ് വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്.

മൈസൂര്‍ സ്വദേശിയാണ് ഷാലു. മൈസൂരില്‍ നിന്ന് അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ഷാലു ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടുരുന്നുവെന്നാണ് വിവരം. ഷാലുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ എല്‍ജിബിടിക്യു സംഘടനകളുടെ മുന്‍കൈയില്‍ മിഠായിത്തെരുവില്‍ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മൈസൂര്‍ സ്വദേശിയെങ്കിലും ഷാലു സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്. നടക്കാവ് സിഐയുടെ നേതൃത്വത്തിലാണ് ഷാലുവിന്റെ കേസ് അന്വേഷിക്കുന്നത്.

Exit mobile version