ആര്യനാട്ടില്‍ പോലീസ് ആളുമാറി മര്‍ദ്ദിച്ചു; ദളിത് യുവാവ് ചികിത്സയില്‍

പിടിച്ചുപറി കേസിലെ പ്രതിയെന്ന് ആരോപിച്ചാണ് യുവാവിനെ പോലീസ് മര്‍ദ്ദിച്ചത്

ആര്യനാട്: ആര്യനാടില്‍ പോലീസ് ആളുമാറി ദളിത് യുവാവിനെ മര്‍ദ്ദിച്ചു. പഴയതെരുവ് രാഹുല്‍ ഭവനില്‍ രാഹുല്‍ (18 ) നെയാണ് മര്‍ദ്ദിച്ചത്. പിടിച്ചുപറി കേസിലെ പ്രതിയെന്ന് ആരോപിച്ചാണ് യുവാവിനെ പോലീസ് മര്‍ദ്ദിച്ചത്. ആര്യനാട് ജംഗ്ഷനില്‍ വച്ച് സ്ത്രീയുടെ ബാഗ് പിടിച്ചുപറിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് മഫ്തി പോലീസ് വീട്ടില്‍ കയറി പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

എന്നാല്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ സിസിടിവി പരിശോധനയിലും തിരിച്ചറിയല്‍ നടത്തുകയും ചെയ്തപ്പോള്‍ കുറ്റക്കാരന്‍ മറ്റൊരാളെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തിനിരയായ രാഹുല്‍ മാനസികമായും ശാരീരികമായും തകര്‍ന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

നടുമങ്ങാട് താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ പിതാവ് ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കി.

Exit mobile version