കോട്ടയത്ത് വീട്ട് വളപ്പില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

ഏറ്റുമാനൂര്‍ കാണക്കാരി പട്ടിത്താനം വിക്ടര്‍ ജോര്‍ജ് റോഡിനു സമീപം വാഴക്കാലായില്‍ ചിന്നമ്മ ജോസഫിന്റെ(80) മൃതദേഹമാണ് കത്തികരിഞ്ഞ് നിലയില്‍ കണ്ടെത്തിയത്

കോട്ടയം: വയോധികയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ കാണക്കാരി പട്ടിത്താനം വിക്ടര്‍ ജോര്‍ജ് റോഡിനു സമീപം വാഴക്കാലായില്‍ ചിന്നമ്മ ജോസഫിന്റെ(80) മൃതദേഹമാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ചിന്നമ്മയും മകന്‍ ബിനുവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ചിന്നമ്മയുടെ മൃതദേഹം ബിനുവാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ബിനു പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കുറവിലങ്ങാട് പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധനകള്‍ ആരംഭിച്ചു.

തുടര്‍ന്ന് പോലീസ് ബിനുവിന്റെ മൊഴി രേഖപ്പെടുത്തി. 10.45 ഓടെ വീടിനു പുറത്ത് എത്തിയപ്പോള്‍ അമ്മയെ കണ്ടില്ല, തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയതെന്നാണ് ബിനുവിന്റെ മൊഴി.
മൃതദേഹത്തിലെ വസ്ത്രം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.

തലമുടിയും പുര്‍ണമായും കത്തിയിട്ടുണ്ട്. തീ കത്തി മുഖം വികൃതമായിട്ടുണ്ട്. പുരയിടത്തിലെ വാഴയും പുല്ലും കത്തിയതായും പോലീസ് കണ്ടെത്തി.ബിനുവിനു പൊള്ളലേറ്റിട്ടുണ്ടോയെന്നും പരിശോധിക്കും. മൃതദേഹം പരിശോധിച്ച ശേഷമേ സംഭവത്തിലെ ദുരുഹത നീക്കാനാവൂ എന്നും കുറവിലങ്ങാട് പോലീസ് അറിയിച്ചു. പ്രാഥമിക ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുകയാണ്.

Exit mobile version