വഡോദരയില്‍ 12 മണിക്കൂറിനിടെ കനത്ത മഴ; ആറ് മരണം; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍

വെള്ളം കയറിയതിനെ തുടര്‍ന്ന് വഡോദര വിമാനത്താവളം അടച്ചു.

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ കനത്ത മഴ. കനത്ത മഴയില്‍ വഡോദരയില്‍ ആറുപേര്‍ മരിച്ചു. കഴിഞ്ഞ 12 മണിക്കൂറിനിടെ റെക്കോര്‍ഡ് മഴയാണ് വഡോദരയില്‍ രേഖപ്പെടുത്തിയത്. മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്.

വെള്ളം കയറിയതിനെ തുടര്‍ന്ന് വഡോദര വിമാനത്താവളം അടച്ചു. വെള്ളിയാഴ്ച രാവിലെ വരെയാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്. വഡോദര വഴിയുള്ള പത്തിലേറേ ട്രെയിനുകളും റദ്ദാക്കി. കനത്ത മഴ തുടരുന്നതിനാല്‍ വ്യാഴാഴ്ചയും വഡോദരയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ബുധനാഴ്ച രാവിലെയാണ് മഴ തുടങ്ങിയത്. 12 മണിക്കൂറിനിടെ വഡോദരയില്‍ 442 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. വരുംദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതെസമയം വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.

Exit mobile version