മഹാരാഷ്ട്രയില്‍ എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി; ഇന്നലെ രാജിവെച്ച പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ഇന്നലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് തിരിച്ചടി നല്‍കി മൂന്ന് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു.

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി. മൂന്ന് മുതിര്‍ന്ന മുന്‍ എന്‍സിപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാക്കളായ ശിവേന്ദ്രരാജ ഭോസലെ, സന്ദീപ് നായിക്, ചിത്ര വാഹ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു ഇവര്‍ ബിജെപിയില്‍ എത്തിയത്.

ഇന്നലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് തിരിച്ചടി നല്‍കി മൂന്ന് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. വഡാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കൊലംബ്കര്‍, എന്‍സിപിയുടെ അകോല്‍ എംഎല്‍എ വൈഭവ് പിച്ചഡ്, സതാരയില്‍ നിന്നുള്ള ശിവേന്ദ്ര രാജെ ഭോസ്ലെ എന്നിവരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. നേരത്തെ എന്‍സിപി മുംബൈ പ്രസിഡന്റ് സച്ചിന്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നിരുന്നു.

എന്‍സിപി മുന്‍ മന്ത്രി ഗണേഷ് നായിക്കും, 53 ഓളം മുന്‍സിപ്പാലിറ്റി അംഗങ്ങളും ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സഖ്യമായി മത്സരിച്ച കോണ്‍ഗ്രസ് എന്‍സിപി സഖ്യം കനത്ത പരാജയമാണ് നേടിയത്. 48 സീറ്റുകളില്‍ 5 സീറ്റുകള്‍ മാത്രമാണ് സഖ്യത്തിന് നേടാന്‍ കഴിഞ്ഞത്.

അതിനിടെ വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായി തന്നെയാകും മത്സരിക്കുകയെന്ന് എന്‍സിപി വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം നിയമസഭ തെരഞ്ഞെടുപ്പില്‍ മറികടക്കാനാകുമെന്ന വിശ്വാസത്തിലായിരുന്നു സഖ്യം. അതിനിടെയാണ് എന്‍സിപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള കൊഴിഞ്ഞു പോക്ക്. പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്ന തന്ത്രവുമായിട്ടാണ് എന്‍ഡിഎയുടെ ചുവടു നീക്കങ്ങള്‍.

Exit mobile version