മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക്‌സഭ കഴിഞ്ഞ വ്യാഴാഴ്ച ബില്‍ പാസാക്കിയിരുന്നു. 303 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്തിരുന്നു.

എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് ബില്ലിനെ എതിര്‍ക്കുകയാണ്. എന്നാല്‍ ബിജു ജനതാദള്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. ഇന്ന് രാവിലെ ചേരുന്ന യോഗത്തിന് ശേഷമാകും ഇക്കാര്യത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കുക.

2017ലാണ് രാജ്യത്ത് മുത്തലാഖ് നിരോധനം കൊണ്ടുവരുന്നത്. 15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍പര്‍വീണ്‍, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്‌റി എന്നിവരുടെ ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീംകോടതി രാജ്യത്തി മുത്തലാഖ് നിരോധിക്കുന്നതായി ഉത്തരവിടുകയായിരുന്നു.

പിന്നീട് 2017 ഡിസംബര്‍ 27-നാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്‍ എന്ന മുത്തലാഖ് നിരോധന ബില്‍ ലോക്സഭയില്‍ പാസാക്കിയത്. 2018 ജനുവരി മൂന്നിന് രാജ്യസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍, സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.

കഴിഞ്ഞ സെപ്റ്റംബറില്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ രണ്ടാമതും ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലില്‍ പറയുന്നു.

Exit mobile version