കന്‍വാര്‍ യാത്രയ്‌ക്കെത്തിയ തീര്‍ത്ഥാടകന്റെ പാദം തിരുമ്മി കൊടുത്തു; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് ഈ നിയമപാലകന്റെ നന്മ, കൈയ്യടി

സുരക്ഷയ്ക്കൊപ്പം സേവനം എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

ലഖ്നൗ: കന്‍വാര്‍ യാത്രയ്‌ക്കെത്തിയ തീര്‍ത്ഥാടകന്റെ കാല്‍പാദം തിരുമ്മി കൊടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ നന്മയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ എസ്പി അജയ കുമാര്‍ ഐപി എസാണ് തീര്‍ത്ഥാടകന്റെ കാല്‍ തിരുമ്മി കൊടുത്തത്. സംഭവത്തിന്റെ വീഡിയോ ഷാംലി പോലീസ് ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ഉദ്യോഗസ്ഥന്റെ നന്മ പുറംലോകം അറിഞ്ഞത്.

സുരക്ഷയ്ക്കൊപ്പം സേവനം എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി പ്രത്യേക ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് ഷാംലി നഗര അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു സെന്ററില്‍ നിന്നുള്ളതാണ് വീഡിയോ. ശിവഭക്തര്‍ വര്‍ഷത്തില്‍ നടത്തുന്ന തീര്‍ത്ഥയാത്രയാണ് ഇത്. ഹരിദ്വാര്‍, ഗോമുഖ്, ഉത്തരാഖണ്ഡിലെ ഗംഗോത്രി, ബിഹാറിലെ സുല്‍ത്താന്‍ഗഞ്ച് എന്നിവിടങ്ങളാണ് ഇവര്‍ സന്ദര്‍ശിക്കുക.

‘ക്യാംപ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. തീര്‍ത്ഥാടകര്‍ക്കുള്ള പ്രതീകാത്മക സേവനം എന്ന നിലയിലാണ് ഞാന്‍ അങ്ങനെ ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരെന്ന നിലയില്‍ നഗരത്തിലെ ക്രമസമാധാനം ഉറപ്പാക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. സുരക്ഷ ഉറപ്പാക്കുകയെന്നതു മാത്രമല്ല നമ്മുടെ ചുമതല, ജനങ്ങളെ സേവിക്കുകയും വേണമെന്ന സന്ദേശം സഹപ്രവര്‍ത്തകര്‍ക്കു നല്‍കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു’ നന്മയിലൂടെ താരമായ അജയകുമാര്‍ പറയുന്നു.

Exit mobile version