ഉഴുതുമറിക്കുന്നതിനിടെ കര്‍ഷകന് വജ്രക്കല്ല് കിട്ടി; നാട് മുഴുവന്‍ അറിഞ്ഞിട്ടും ഒന്നും അറിയാതെ നിയമപാലകര്‍

തിരുപ്പതി: പാടം ഉഴുതുമറിക്കുന്നതിനിടെ കര്‍ഷകന് 60 ലക്ഷത്തോളം വിലമതിക്കുന്ന വജ്രക്കല്ല് കിട്ടി. രണ്ടാം തവണയാണ് ഈ മണ്‍സൂണില്‍ ഇവിടെ നിന്ന് വജ്രക്കല്ല് ലഭിക്കുന്നത്. സംഭവം നാട് മുഴുവന്‍ അറിഞ്ഞതിന് ശേഷമാണ് നിയമപാലകര്‍ അറിയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ പാടത്ത് നിന്നാണ് കര്‍ഷകന് നിധി ലഭിച്ചത്. എന്നാല്‍ വജ്രക്കല്ലിന്റെ നിറം, വലിപ്പം, ഭാരം എന്നിവയെ കുറിച്ചുള്ള വിവിരം ഇതുവരെ ലഭ്യമായിട്ടില്ല. കിട്ടിയ നിധി കര്‍ഷകന്‍ സ്ഥലത്തെ വജ്രവ്യാപാരിക്ക് വിറ്റു എന്നും ഇതിന് പ്രതിഫലമായി 13.5 ലക്ഷം രൂപ ലഭിച്ചുവെന്നാണ് വിവരം. അല്ല ഭക്ഷ് എന്ന വജ്രവ്യാപാരിയാണ് കര്‍ഷകനില്‍ നിന്ന് കല്ല് വാങ്ങിയത്.

മണ്‍സൂണ്‍ കാലത്ത് കുര്‍ണൂല്‍ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ വജ്രക്കല്ലുകള്‍ക്കായി തെരച്ചില്‍
നടത്തുന്നത് പതിവാണ്. ഇതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. ഗൊല്‍ക്കൊണ്ട ഡയമണ്ട് എന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച ഈ കല്ലുകള്‍ക്ക് വേണ്ടി കൃഷ്ണ നദിയുടെ കൈവഴികളായ തുംഗഭദ്രയുടെയും ഹുന്ദ്രിയുടെയും തീരങ്ങളില്‍ കര്‍ഷകരും ഇതര സംസ്ഥാന തൊഴിലാളികളും താല്‍ക്കാലികമായി താമസിച്ച് വജ്രക്കല്ലുകള്‍ക്കായി തെരച്ചില്‍ നടത്താറുണ്ട്. അധികവും കുര്‍ണൂലിലെ ശരവണ സിംഹ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്നാണ് വജ്രം കിട്ടാറുള്ളത്.

Exit mobile version