കര്‍ണാടകത്തില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; കുമാരസ്വാമി സര്‍ക്കാര്‍ വീഴുമെന്ന ആത്മവിശ്വാസത്തില്‍ ബിജെപി

രാജിവച്ച 12 എംഎല്‍എമാരും മുംബൈയില്‍ തന്നെ തുടരുകയാണ്.

ബംഗളൂരു: കര്‍ണാടകത്തില്‍ ഇന്ന് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും. 16 വിമത എംഎല്‍എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് ‘കര്‍’നാടകത്തിന് വീണ്ടും തുടക്കമായത്. ഈ സാഹചര്യത്തിലാണ് വിശ്വാസ വോട്ടെടുപ്പിലേയ്ക്ക് എത്തിയതും. കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബിജെപി. അതേസമയം പ്രതീക്ഷയിലാണ് കുമാരസ്വാമിയും.

രാജിവച്ച 12 എംഎല്‍എമാരും മുംബൈയില്‍ തന്നെ തുടരുകയാണ്. ഇവര്‍ സഭയില്‍ എത്തില്ല. കൂടാതെ കെ സുധാകര്‍, ആനന്ദ് സിംഗ്, റോഷന്‍ ബെയ്ഗ് എന്നിവരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ല എന്ന റിപ്പോര്‍ട്ടും ഉണ്ട്. കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് രാമലിംഗ റെഡ്ഢി പറഞ്ഞിട്ടുള്ളത്. കുറഞ്ഞത് 12 എംഎല്‍എമാര്‍ എങ്കിലും വിട്ടുനിന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.

സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സ്പീക്കറും നാമനിര്‍ദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉള്‍പ്പെടെ 103 അംഗങ്ങളാണ്, വിമതര്‍ എത്തിയില്ലെങ്കില്‍, കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഉണ്ടാവുക. സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാല്‍ 12 എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കര്‍ എടുത്തേക്കും. കുമാരസ്വാമി സര്‍ക്കാരിന്റെ അനിശ്ചിതത്വത്തില്‍ തുടരുന്ന ഭാവിക്ക് ഇന്ന് തിരശീല വീണേയ്ക്കും.

Exit mobile version