മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് എംഎല്‍എമാരില്‍ നിന്ന് പണം തട്ടി; യുവാവ് പിടിയില്‍

ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ന്യൂഡല്‍ഹി: മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് എംഎല്‍എമാരില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ സഞ്ജയ് തിവാരി എന്ന യുവാവ് ആണ് അരുണാചല്‍ പ്രദേശിലെ മൂന്ന് എംഎല്‍എമാരെ കബളിപ്പിച്ച് പണം തട്ടിയത്. താന്‍ മുതിര്‍ന്ന നേതാവായ എംപിയുടെ പിഎ ആണെന്നും, അദ്ദേഹം ശ്രമിച്ചാല്‍ മന്ത്രി സ്ഥാനം എളുപ്പം ലഭിക്കുമെന്നും ധരിപ്പിച്ചാണ് പണം തട്ടിയത്. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഡല്‍ഹിയില്‍ ഒരു പരിപാടിക്കിടെയാണ് യുവാവുമായി പരിചയപ്പെട്ടതെന്ന് കബളിപ്പിക്കപ്പെട്ട എംഎല്‍എമാര്‍ പറയുന്നു. ഡല്‍ഹിയില്‍ വളരെയേറെ സ്വാധീനമുള്ള ഒരു സീനിയര്‍ എംപിയുടെ പിഎ ആണെന്നാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇതിനിടെയാണ് മന്ത്രിസ്ഥാനം ലഭിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന കാര്യം യുവാവുമായി ചര്‍ച്ച ചെയ്തത്. തന്റെ മേലധികാരിയായ എംപി ശ്രമിച്ചാല്‍ നടക്കുമെന്നും അതിന് പണം നല്‍കണമെന്നുമായിരുന്നു യുവാവ് പറഞ്ഞത്. ശേഷം യുവാവിന്റെ വാക്കുകള്‍ വിശ്വസിച്ച് പറഞ്ഞ അക്കൗണ്ടിലേയ്ക്ക് പണം നല്‍കി. എന്നാല്‍ അതിനു ശേഷം യുവാവിന്റെ യാതൊരു മറുപടിയും ഉണ്ടായിരുന്നില്ല.

പിന്നാലെ, എംഎല്‍എമാര്‍ യുവാവ് പറഞ്ഞ എംപിയുമായി ബന്ധപ്പെട്ടു. എന്നാല്‍ തനിക്ക് അങ്ങനെയൊരു പിഎ ഇല്ലെന്നും പണം വാങ്ങാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും എംപി പ്രതികരിച്ചു. ഇതോടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ട എംഎല്‍എ മാരുടേയോ പരാമര്‍ശിക്കപ്പെട്ട എംപിയുടേയോ പേര് പുറത്ത് വിട്ടിട്ടില്ല.

Exit mobile version