‘ഇത്രയും കാലം വെള്ളം ശുദ്ധീകരിച്ചു, ഇനി അടുത്തത് വായു ആയിക്കോട്ടേ’; ഹേമമാലിനിയെ ട്രോളി സോഷ്യല്‍ മീഡിയ

ഹേമമാലിനി ചൂലു പിടിച്ച രീതിയും ചെയ്യുന്ന പ്രവൃത്തിയുമാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ ട്രോളുകള്‍ വരാന്‍ കാരണം

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും ബിജെപി എംപിമാരും പാര്‍ലമെന്റ് പരിസരം വൃത്തിയാക്കുന്നതിന്റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടിരുന്നു. ശുചീകരണ പ്രവര്‍ത്തിയില്‍ നടിയും മഥുര എംപിയുമായ ഹേമമാലിനിയും രംഗത്ത് ഉണ്ടായിരുന്നു.

എന്നാല്‍ താരത്തിന്റെ ഈ ശുചീകരണ യജ്ഞത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമാണ്. നേരത്തേ തെരഞ്ഞെടുപ്പ് സമയത്ത് അരിവാളുമായി പാടത്ത് ഇറങ്ങിയ താരത്തിന്റെ പ്രകടനത്തെ സോഷ്യല്‍ മീഡിയ കണക്കിന് ട്രോളിയതാണ്. ഇതിന് പിന്നാലെ ആണ് ട്രോളന്മാര്‍ക്ക് ചാകരയുമായി താരം വീണ്ടും എത്തിയിരിക്കുന്നത്.


ഹേമമാലിനി ചൂലു പിടിച്ച രീതിയും ചെയ്യുന്ന പ്രവൃത്തിയുമാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ ട്രോളുകള്‍ വരാന്‍ കാരണം. അനുരാഗ് താക്കൂര്‍ ഹേമമാലിനെക്കാള്‍ നന്നായി അഭിനയിക്കുന്നുണ്ടെന്നും, ഇത്രയും നാള്‍ വെള്ളം ശുദ്ധീകരിച്ച താരം ഇനി വായു കൂടി ശുദ്ധീകരിക്കട്ടെ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ട്രോളുകള്‍.

ഇന്ത്യയെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോഡി നടപ്പിലാക്കിയ പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. 2014ലാണ് പദ്ധതി ആരംഭിച്ചത്.

Exit mobile version