വാഹനങ്ങളുടെ ടയറില്‍ നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന റോഡഅപകടങ്ങള്‍ കുറയ്ക്കാന്‍ ടയറുകളില്‍ നൈട്രജന്‍
നിറയ്ക്കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

വാഹനാപകടം കുറയ്ക്കുന്നതിനായി സിലിക്കണ്‍ ചേര്‍ത്ത ഗുണമേന്മയുള്ള ടയറും അതില്‍ സാധാരണ കാറ്റിനു പകരം നൈട്രജനും നിറയ്ക്കുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ചൂട് കൂടുന്നതു മൂലം വാഹനങ്ങളുടെ ടയറുകള്‍ പൊട്ടി അപകടമുണ്ടാകുന്നത് തടയാനാണ് സിലിക്കണ്‍ മിശ്രിത ടയറില്‍ വായുവിനു പകരം നൈട്രജന്‍ നിറയ്ക്കുന്നത്. വിദേശരാജ്യങ്ങളുടെ മാതൃകയില്‍ ടയര്‍ നിര്‍മ്മിക്കുമ്പോള്‍ റബ്ബറിനൊപ്പം സിലിക്കണും ചേര്‍ക്കുന്നത് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ആഗ്ര വരെയുള്ള അതിവേഗ പാതയുടെ ഭൂരിഭാഗം പ്രതലവും കോണ്‍ക്രീറ്റാണ്. ഇതിനാല്‍ ചൂടുകാലത്ത് വാഹനങ്ങളുടെ ടയര്‍ പൊട്ടിയുള്ള അപകടങ്ങള്‍ കൂടുതലാണ്.

അതേസമയം കുറഞ്ഞ റോഡപകടങ്ങള്‍ തമിഴ്‌നാട്ടിലാണെന്നും, ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ഇപ്പോള്‍ രാജ്യത്തെ 30 ശതമാനം ലൈസന്‍സുകളും വ്യാജമാണെന്നും, ഇതിനെതിരെ നിയമം പാസാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Exit mobile version