മുംബൈ നഗരത്തില്‍ സ്വകാര്യ ബസ് ശരവേഗത്തില്‍ പായിച്ച് 24 കാരി പ്രതീക്ഷ ദാസ്; കൈയ്യടിച്ച് ജനത

പൊട്ടി പൊളിഞ്ഞ് കിടക്കുന്ന റോഡായാലും പ്രതീക്ഷയ്ക്ക് ഒരു കുഴപ്പവുമില്ല. വളയം ആ വളയിട്ട കൈകളില്‍ സുരക്ഷിതമാണ്.

മുംബൈ: ട്രക്കുകള്‍, ബസുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ പൊതുവെ പുരുഷന്മാര്‍ക്കെ സാധ്യമാകൂ എന്ന ധാരണ തിരുത്തിക്കുറിച്ച് 24കാരി പ്രതീക്ഷ ദാസ്. തെങ്ങ് കയറ്റം, കല്ല് വെട്ട് തുടങ്ങി നിരവധി ജോലികളില്‍ സ്ത്രീകള്‍ക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന് പറയുന്ന കാലം അതിക്രമിച്ചു കഴിഞ്ഞു. ഇന്ന് ഏത് ജോലിയും പെണ്ണുങ്ങള്‍ക്കും വഴങ്ങി തുടങ്ങി, തെങ്ങു കയറ്റം ഉള്‍പ്പടെ. ഇപ്പോള്‍ വലിയ വാഹനങ്ങള്‍ ഓടിക്കാനും ഇറങ്ങിയിരിക്കുകയാണ് സ്ത്രീകള്‍.

മുംബൈ നഗരത്തിലെ സ്വകാര്യ ബസ് ഓടിക്കുകയാണ് പ്രതീക്ഷ ചെയ്യുന്നത്. ബസുമായി നഗരത്തിലൂടെ പായുന്ന പ്രതീക്ഷ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മുംബൈ വനിത കൂടിയാണ്. അതുകൊണ്ട് തന്നെ അഭിനന്ദനങ്ങളും കൈയ്യടിയും തേടിയെത്തുന്നുണ്ട്. മാലഡ് താക്കൂര്‍ കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചീനീയറിങ്ങ് പൂര്‍ത്തിയാക്കിയ പ്രതീക്ഷയ്ക്ക് വലിയ വാഹനങ്ങളോട് എന്നും പ്രിയമായിരുന്നു. ആ പ്രിയമാണ് ഇന്ന് പ്രതീക്ഷയെ ബസ് ഡ്രൈവര്‍ ആക്കി മാറ്റിയത്. പ്രതിഭ ദാസിനെപ്പോലുള്ള സ്ത്രീകള്‍ ഒതുങ്ങി കൂടി കഴിയുന്ന മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം തന്നെയാണെന്നാണ് സമൂഹമാധ്യമങ്ങളും പറയുന്നത്.

പൊട്ടി പൊളിഞ്ഞ് കിടക്കുന്ന റോഡായാലും പ്രതീക്ഷയ്ക്ക് ഒരു കുഴപ്പവുമില്ല. വളയം ആ വളയിട്ട കൈകളില്‍ സുരക്ഷിതമാണ്. ഏത് ദുര്‍ഘടം പിടിച്ച റോഡായാലും പ്രതീക്ഷ സുഗമമായി തന്നെ വാഹനത്തെ പായിക്കുകയും ചെയ്യും. ഏവര്‍ക്കും അതിശയം തന്നെയാണ് പ്രതീക്ഷയുടെ ഡ്രൈവിംഗ്. കഴിഞ്ഞ ആറ് വര്‍ഷമായി വലിയ വാഹനങ്ങളില്‍ ഓടിക്കാന്‍ ശ്രമം നടത്തുകയാണെന്നും, ബൈക്കുകളും കാറുകളും ഓടിച്ചാണ് ആരംഭിച്ചതെന്നും ഇപ്പോള്‍ തനിക്ക് ബസുകളും ട്രക്കുകളും ഓടിക്കാന്‍ കഴിയുമെന്നും പ്രതീക്ഷ പറയുന്നു.

Exit mobile version