മസാല, പാല്‍, വെള്ളം, തേയില, പഞ്ചസാര ഇത് ഗുലാബ് സിങ്ങിന്റെ ചായയിലെ സ്‌പെഷ്യല്‍; ദിനവും സൗജന്യ ഭക്ഷണം നല്‍കുന്നത് 200 യാചകര്‍ക്ക്

കഴിഞ്ഞ 73 വര്‍ഷമായി ചായവില്‍ക്കുകയാണ് ഗുലാബ് സിങ് ധീരവത്ത്.

ജയ്പൂര്‍: ജയ്പൂരിലെത്തുന്നവര്‍ ഗുലാബ് സിങ്ങിന്റെ ചായ കുടിക്കാതെ മടങ്ങില്ല. എന്തോ ഒരു മാജിക് രുചിയാണ് ചായയ്ക്ക് എന്നാണ് കുടിക്കുന്നവരുടെ അഭിപ്രായം. 1946 മുതലാണ് അദ്ദേഹം ചായക്കട ആരംഭിച്ചത്. എന്നാല്‍ തുടക്കത്തില്‍ വലിയ എതിര്‍പ്പാണ് കുടുംബത്തില്‍ നിന്ന് ഉണ്ടായത്. കുടുംബത്തിന്റെ സല്‍പ്പേരിനെ ബാധിക്കും എന്നായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ അവയെല്ലാം തള്ളി കട തുടങ്ങി. ആളുകളുടെ ഒഴുക്കായിരുന്നു ആ മാജിക് ചായ കുടിക്കാന്‍. ദിവസം 40,000 മേലെ ആളുകളാണ് ഇവിടെ ചായ കുടിക്കാന്‍ എത്തുന്നത്. എല്ലാ ദിവസവും ഇരുന്നൂറിലധികം യാചകര്‍ അദ്ദേഹത്തിന്റെ കടയിലെത്തും. അവര്‍ക്ക് സൗജന്യമായി ഗുലാബ്ജി വക സ്‌നേഹം നിറച്ച ചായയും കടിയും നല്‍കും.

പറയുന്നത്ര സ്‌പെഷ്യല്‍ ഒന്നും ചായയില്‍ ഇല്ല. മസാല, പാല്‍, വെള്ളം, തേയില, പഞ്ചസാര മാത്രമാണുള്ളത്. പക്ഷേ കുടിക്കുമ്പോള്‍ അതിലേറെ രുചിയും. ആ രുചിയാണ് ഇവിടേയ്ക്ക് ആളുകള്‍ ഒഴുകി എത്തുന്നതിനും കാരണം. കഴിഞ്ഞ 73 വര്‍ഷമായി ചായവില്‍ക്കുകയാണ് ഗുലാബ് സിങ് ധീരവത്ത്. ചായക്കൊപ്പമുള്ള ചര്‍ച്ചകളും ഗുലാബ്ജിയുടെ കടകളില്‍ കാണാം. വെറും 130 രൂപ കൊണ്ടാണ് അന്ന് അദ്ദേഹം ഒരു മൊബൈല്‍ ടീസ്റ്റാള്‍ തുടങ്ങിയത്. ഇന്ന് ഒരുദിവസം 20,000 രൂപവരെ അദ്ദേഹം സമ്പാദിക്കുന്നുണ്ട്.

ചായക്കും കടിക്കും ചേര്‍ന്ന് 20 രൂപയാണ് വില. തന്റെ 94 -ാമത്തെ വയസ്സിലും ഈ ചായക്കട നടത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള ജോലിയൊന്നുമല്ലെന്ന് അദ്ദേഹം പറയുന്നു. ജനങ്ങള്‍ വയസ്സാവുന്നതിനെ കുറിച്ച് പലതും പറയാറുണ്ട്. പക്ഷേ, എനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും ഇങ്ങനെ ജോലി ചെയ്യാനാവുന്നതില്‍ സന്തോഷമാണ്. തന്റെ ശരീരം അനുവദിക്കുന്ന കാലം വരെ ജോലി ചെയ്യും എന്നാണ് ഗുലാബ് ജി പറയുന്നത്.

Exit mobile version