സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തല്ലാന്‍ ക്രിക്കറ്റ് ബാറ്റുമായി ബിജെപി നേതാവ്; ജോലി സത്യസന്ധതയോടെ പൂര്‍ത്തിയാക്കിയാല്‍ ബാറ്റ് ‘ഉപയോഗിക്കില്ലെന്ന്’ നേതാവിന്റെ ഭീഷണിയും

അതേസമയം കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ തല്ലിയ സംഭവത്തില്‍ ആകാശ് വിജയ് വര്‍ഗിയ ജയിലില്‍ കഴിയുകയാണ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുടെ മകനും എംഎല്‍എയുമായ ആകാശ് വിജയ് വര്‍ഗിയ ബാറ്റ് കൊണ്ട് തല്ലിയത് ഏറെ വിവാദത്തില്‍ കലാശിച്ചിരുന്നു. പിന്നാലെ ഐക്യദാര്‍ഢ്യം എന്ന കണക്കെ സര്‍ക്കാര്‍ ഓഫീസില്‍ ബാറ്റുമായി എത്തിയിരിക്കുകയാണ് ബിജെപി യുവമോര്‍ച്ചാ നേതാവ്. ബാറ്റേന്തി എല്ലാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

അഴിമതിയ്ക്കെതിരെ സന്ദേശം നല്‍കാനെന്ന പേരിലാണ് ബിജെപി യുവമോര്‍ച്ചാ പ്രസിഡന്റായ വിവേക് അഗര്‍വാള്‍ ദാമോഹ് മുനിസിപ്പാലിറ്റിയിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ചെയ്യുന്ന ജോലികള്‍ സത്യസന്ധമായും വേഗതയോടെയും പൂര്‍ത്തിയാക്കിയാല്‍ തനിക്ക് ബാറ്റ് ഉപയോഗിക്കേണ്ടി വരില്ലെന്നും നേതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് മസില്‍ പവറും മണി പവറും ഇല്ലാതെ കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും വിവേക് തുറന്നടിച്ചു. അതേസമയം കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ തല്ലിയ സംഭവത്തില്‍ ആകാശ് വിജയ് വര്‍ഗിയ ജയിലില്‍ കഴിയുകയാണ്. ഇന്നലെ കോടതി അദ്ദേഹത്തിന് ജാമ്യവും നിഷേധിച്ചിരുന്നു.

Exit mobile version