പത്മശ്രീ ‘വില്ലനായി’; പട്ടിണിയില്‍ ദൈതിരിയും കുടുംബം, ജീവിതം നിലനിര്‍ത്തുന്നത് ഉറുമ്പിന്‍ മുട്ട കഴിച്ച്! മനംനൊന്ത് പത്മശ്രീ വലിച്ചെറിഞ്ഞത് ആട്ടിന്‍കൂട്ടില്‍

മൂന്നുവര്‍ഷം നീണ്ടപ്രയത്‌നത്തിന്റെ ഫലമായി ഗ്രാമത്തില്‍ വെള്ളമെത്തി. ഈ സേവനത്തിന് ഒടുവില്‍ എല്ലാവരും കൈയ്യടിക്കുകയും ചെയ്തു.

ഭുവനേശ്വര്‍: മൂന്നു വര്‍ഷം നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍ ദൈതിരി നായിക്കിനെ തേടിയെത്തിയത് പത്മശ്രീ പുരസ്‌കാരം ആയിരുന്നു. എന്നാല്‍ ആ അംഗീകാരം ഇന്ന് ദൈതിരിയുടെ ജീവിതത്തിന് വെല്ലുവിളി ആയിരിക്കുകയാണ്. തന്റെ സ്വസ്ഥ ജീവിതം പത്മശ്രീ നശിപ്പിച്ചുവെന്നാണ് ദൈതിരി പറയുന്നത്.

ഒരു മല തുരന്ന് സ്വന്തം ഗ്രാമത്തിലേക്ക് വെള്ളം എത്തിച്ചാണ് ദൈതിരി പ്രശസ്തനായതും പത്മശ്രീ അംഗീകാരം തേടിയെത്തിയതും. കിയോന്‍ജന്‍ ജില്ലയിലെ തലബൈതരണി ഗ്രാമത്തിലെ ആദിവാസി കര്‍ഷകനാണ് ദൈതരി. മല തുരക്കാന്‍ തുടങ്ങിയപ്പോള്‍ ആകെയുണ്ടായിരുന്ന ആയുധം ഒരു മണ്‍വെട്ടി മാത്രമായിരുന്നു. ആദ്യം ദൗത്യം ആരംഭിച്ചപ്പോള്‍ നാട്ടുകാര്‍ പലരും അദ്ദേഹത്തെ കളിയാക്കുകയാണ് ചെയ്തത്. എല്ലാ പരിഹാസങ്ങളെയും മറികടന്നാണ് ദൈതിരി മലതുരന്നത്.

മൂന്നുവര്‍ഷം നീണ്ടപ്രയത്‌നത്തിന്റെ ഫലമായി ഗ്രാമത്തില്‍ വെള്ളമെത്തി. ഈ സേവനത്തിന് ഒടുവില്‍ എല്ലാവരും കൈയ്യടിക്കുകയും ചെയ്തു. അര്‍ഹതപ്പെട്ട അംഗീകാരം തേടിയെത്തുകയും ചെയ്തു. എന്നാല്‍ അവാര്‍ഡ് കിട്ടയതോടെ ആരും തന്നെ ജോലിക്ക് വിളിക്കാതെയായെന്ന് ദൈതിരിയെ പറയുന്നു. എന്തോ വലിയ പദവിയില്‍ എത്തിയെന്ന ധാരണയാണ് എല്ലാവരും വെച്ചു പുലര്‍ത്തുന്നതെന്ന് അദ്ദേഹം പറയുന്നു.

സ്ഥിരമായി പണിക്ക് വിളിച്ചിരുന്നവര്‍ പോലും മടികാരണം വിളിക്കാറില്ലെന്നും ദൈതിരി കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് കുടുംബം മുഴു പട്ടിണിയില്‍ ആയത്. ഇപ്പോള്‍ കുടുംബം കഴിയുന്നത് ഉറുമ്പിന്റെ മുട്ട കഴിച്ചാണ്. ആകെയുള്ള വരുമാനം 700 രൂപയുടെ വാര്‍ധക്യപെന്‍ഷനാണ്. മനംമടുത്ത് പത്മശ്രീ പുരസ്‌കാരമെടുത്ത് ആട്ടിന്‍കൂട്ടില്‍ വരെ ഇട്ടുവെന്ന് ദൈതിരി നിറകണ്ണുകളോടെ പറയുന്നു.

ഇതൊന്ന് തിരിച്ചെടുക്കുമോയെന്നാണ് അദ്ദേഹത്തിന് ചോദിക്കാനുള്ളത്. പത്മശ്രീ കാരണം പട്ടിണിയാണെങ്കില്‍ പിന്നെയെന്തിനാണിതെന്നാണ് ദൈതിരി ചോദിക്കുന്നത്. ദൈതിരിയ്ക്ക് പത്മശ്രീ ലഭിച്ചപ്പോള്‍ നാട്ടുകാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. അവരുടെ നാടിന്റെ പുരോഗതിക്ക് അത് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുമെന്നാണ് അവരെല്ലാം പ്രതീക്ഷിച്ചതും. എന്നാല്‍, ഒന്നും സംഭവിച്ചില്ല. പത്മശ്രീ തനിക്ക് യാതൊരു പ്രയോജനവും നല്‍കുന്നില്ലെന്നാണ് ദൈതിരിയുടെ വാദം.

Exit mobile version