ഇനിയും വേദന സഹിക്കാനില്ല, എന്റെ ഈ രണ്ട് കൈകള്‍ മുറിച്ച് കളയുമോ..? അങ്ങനെയെങ്കിലും ഈ വേദന മാറിക്കിട്ടുമല്ലോ..! ഡോക്ടറോട് അഭ്യര്‍ത്ഥിച്ച് യുവാവ്

ഇതുവരെ 25 ശസ്ത്രക്രിയകളാണ് ഇയാളുടെ ശരീരത്തില്‍ ചെയ്തത്.

ധാക്ക: ‘ഇനിയും എനിക്ക് വേദന സഹിക്കാനാവില്ല. രാത്രി ഉറങ്ങാന്‍ പോലും കഴിയുന്നില്ല. എന്റെ കൈകള്‍ മുറിച്ചു കളയുമോ…? അങ്ങനെയെങ്കിലും ഈ വേദന മാറിക്കിട്ടുമല്ലോ’ ഇത് അപൂര്‍വ്വ രോഗത്തിന് അടിമപ്പെട്ട ബംഗ്ലാദേശുകാരന്‍ അബുള്‍ ബജന്ദറിന്റെ വാക്കുകളാണ്. വേദന അസഹനീയമായപ്പോള്‍ ഡോക്ടറോട് അപേക്ഷിച്ചതാണ് യുവാവ്. കൈകള്‍ മരക്കൊമ്പ് പോലെ വളരുന്ന അപൂര്‍വ്വ രോഗമാണ് ബജന്ദറിനെ ബാധിച്ചിരിക്കുന്നത്.

ഇതുവരെ 25 ശസ്ത്രക്രിയകളാണ് ഇയാളുടെ ശരീരത്തില്‍ ചെയ്തത്. വേദന സഹിക്കാനാവാതെയാണ് തന്റെ രണ്ട് കൈകളും മുറിച്ചു കളയുമോ എന്ന് അപേക്ഷിച്ചിരിക്കുന്നത്. 2016 മുതല്‍ 25 ഓളം ശസ്ത്രക്രിയകളാണ് അരിമ്പാറ നീക്കം ചെയ്യാന്‍ ബജന്ദറിന്റെ കൈകളിലും പാദങ്ങളിലുമായി ചെയ്തത്. രോഗം ഭേദമായെന്ന് ഡോക്ടര്‍മാര്‍ കരുതിയിരിക്കെയാണ് വീണ്ടും പൂര്‍വ്വാധികം ശക്തി പ്രാപിച്ച് വീണ്ടും ഈ ചെറുപ്പക്കാരനെ രോഗം പിടികൂടിയത്. അരിമ്പാറ വളര്‍ച്ച വീണ്ടും അധികമായി. മാതാവ് ആമിന ബീബിയും മകന്റെ അഭ്യര്‍ത്ഥനയെ പിന്തുണയ്ക്കുന്നുണ്ട്. അങ്ങനെയെങ്കിലും തന്റെ മകന് വേദനയില്ലാതെ കഴിയാമല്ലോ എന്നാണ് ഈ അമ്മ ആശ്വസിക്കുന്നത്. വിദേശത്ത് പോയാല്‍ മികച്ച ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ പണമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ചിലവില്‍ ചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്. ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാറ വളര്‍ച്ചയാണ് ട്രീമാന്‍ സിന്‍ഡ്രോം. ജനിതക രോഗമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൈകാലുകള്‍ വൃക്ഷത്തലപ്പ് പോലെയായി മാറിയ ഈ ചെറുപ്പക്കാരന്‍ വൃക്ഷമനുഷ്യന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Exit mobile version