വിവാഹം കഴിഞ്ഞത് രണ്ടാഴ്ച മുമ്പ്; ഭര്‍ത്താവിനെ കബളിപ്പിച്ച് നവവധു പണവുമായി മുങ്ങി

ഭാര്യ കബളിപ്പിച്ചെന്നും സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് സുരേന്ദര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ജിന്ദ്: ഹരിയാനയില്‍ രണ്ടാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ നവവധു ഭര്‍ത്താവിന്റെ പണവുമായി നാടുവിട്ടു. സംഭവത്തില്‍ ഭാര്യയ്‌ക്കെതിരെ ഭര്‍ത്താവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഭാര്യ കബളിപ്പിച്ചെന്നും സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് സുരേന്ദര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ജിന്ദ് സ്വദേശിയായ 36-കാരനാണ് ഭാര്യ പണം തട്ടിയെടുത്ത് നാടുവിട്ടെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സിഎം വിന്‍ഡോയില്‍ പരാതി നല്‍കിയത്.

പരാതിക്കാരനായ യുവാവ് 70,000 രൂപയോളം ഫീസ് നല്‍കിയാണ് ഇടനിലക്കാരന്‍ വഴി വിവാഹം ഉറപ്പിച്ചത്. 28-വയസ്സുള്ള യുവതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോള്‍ പണവുമായി യുവതി നാടുവിട്ടെന്നാണ് സുരേന്ദറിന്റെ പരാതി.

തട്ടിപ്പ് വ്യാപകമായ പ്രദേശത്ത് ഏകദേശം 20-യുവതികളാണ് ഇത്തരത്തില്‍ വിവാഹ ശേഷം വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും വിശ്വാസം നേടിയെടുത്ത ശേഷം പണവുമായി മുങ്ങുന്നത്.

Exit mobile version