സിഖുകാരുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ച കേസിലെ പ്രതി ജയിലിനുള്ളില്‍ കൊല്ലപ്പെട്ടു!

പട്യാലയിലെ ന്യൂ നാഭ ജയിലിനുള്ളില്‍ വെച്ചാണ് ബിട്ടു കൊല്ലപ്പെട്ടത്.

അമൃത്സര്‍: സിഖുകാരുടെ വിശുദ്ധഗ്രന്ഥത്തെ അപമാനിച്ച കേസില്‍ ജയിലിലായ പ്രതി ജയിലിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. 2015ലാണ് സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെ അപമാനിച്ച കേസില്‍ മൊഹീന്ദര്‍ പാല്‍ ബിട്ടു എന്നയാള്‍ ജയിലില്‍ ആയത്. ഇയാളാണ് കൊല്ലപ്പെട്ടത്. ഇതോടെ പഞ്ചാബില്‍ സുരക്ഷ ശക്തമാക്കി.

പട്യാലയിലെ ന്യൂ നാഭ ജയിലിനുള്ളില്‍ വെച്ചാണ് ബിട്ടു കൊല്ലപ്പെട്ടത്. രണ്ട് തടവുപുള്ളികള്‍ ചേര്‍ന്നാണ് ബിട്ടുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഗുര്‍സേവക് സിങ്, മനീന്ദര്‍ സിങ് എന്നിവര്‍ ചേര്‍ന്ന് കമ്പിവടി ഉപയോഗിച്ച് മൊഹീന്ദറിനെ മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ മൊഹീന്ദറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണപ്പെടുകയായിരുന്നു.

ഇതേതുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷം സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഎസ്എഫ്, ദ്രുതകര്‍മ സേന എന്നിവയുടെ 12 കമ്പനി സൈനികരെ വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മൊഹിന്ദര്‍ പാല്‍ ബിട്ടു ദേരാ സച്ചാ സൗദ വിഭാഗത്തില്‍ പെട്ട ആളാണ്. ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചതിന് പിന്നാലെ പഞ്ചാബില്‍ കലാപം ഉണ്ടായിരുന്നു. തുടര്‍ന്ന് സംഘര്‍ഷം നിയന്ത്രിക്കാന്‍ മൊഗാ ജില്ലയില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Exit mobile version