ഡല്‍ഹി നഗരത്തില്‍ കാറില്‍ സഞ്ചരിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു!

ഇവര്‍ സഞ്ചരിച്ചിരുന്ന ഹ്യുണ്ടയ് ഐ 20 കാറിനെ പിന്തുടര്‍ന്നെത്തിയ സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി നിറയൊഴിക്കുകയായിരുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു. നോയ്ഡയില്‍ താമസിക്കുന്ന മിതാലി ചന്ദോല എന്ന മാധ്യമപ്രവര്‍ത്തകയ്ക്കാണ് വെടിയേറ്റത്. രാത്രി 12.30ഓടെയായിരുന്നു ആക്രമണം. ഇവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് എത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ഹ്യുണ്ടയ് ഐ 20 കാറിനെ പിന്തുടര്‍ന്നെത്തിയ സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി നിറയൊഴിക്കുകയായിരുന്നു. രണ്ട് തവണയാണ് മിതാലിക്ക് നേരെ വെടിയുതിര്‍ത്തത്. ഇതില്‍ ഒന്ന് ഗ്ലാസ് തുളച്ച് മിതാലിയുടെ കൈയില്‍ തുളഞ്ഞു കയറി. വെടിയേറ്റ ശേഷവും മിതാലി ധൈര്യം വീണ്ടെടുത്ത് കാര്‍ നിര്‍ത്താതെ മുന്നോട്ട് പാഞ്ഞു.

ഉടനെ അക്രമികള്‍ കാറിന്റെ ഗ്ലാസിന് നേര്‍ക്ക് മുട്ടയെറിഞ്ഞ ശേഷം രക്ഷപ്പെട്ട് പോയി. കിഴക്കന്‍ ഡല്‍ഹിയിലെ ധരംശില ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിതാലി അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Exit mobile version