കല്ലുകൊണ്ട് സ്വയം തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു, എന്നിട്ട് പോലീസ് തല്ലി ചതച്ചു എന്ന് മൊഴിയും; വീഡിയോ പുറത്ത് വിട്ട് ബിജെപി എംഎല്‍എയുടെ വാദം പൊളിച്ചടുക്കി പോലീസ്

രാജാസിങ്ങിന്റെ ഈ ആരോപണങ്ങളാണ് പുറത്ത് വിട്ട ദൃശ്യങ്ങളിലൂടെ പോലീസ് പൊളിച്ചടുക്കിയത്.

ഹൈദരാബാദ്: തെലങ്കാനയില്‍ പോലീസ് ആക്രമിച്ചെന്ന ബിജെപി എംഎല്‍എ ടി രാജാസിങ്ങിന്റെ ആരോപണം പൊളിച്ചടുക്കി പോലീസ്. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പടെയാണ് പോലീസ് ആരോപണങ്ങളോട് മറുപടി പറഞ്ഞത്. കല്ലുകൊണ്ട് സ്വയം തലയ്ക്കടിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു നേതാവ്. എന്നാല്‍ മാധ്യമങ്ങളോട് പോലീസ് തന്നെ തല്ലി ചതച്ചുവെന്നും പറയുകയായിരുന്നു.

രാജാസിങ്ങിന്റെ ഈ ആരോപണങ്ങളാണ് പുറത്ത് വിട്ട ദൃശ്യങ്ങളിലൂടെ പോലീസ് പൊളിച്ചടുക്കിയത്. കല്ലുകൊണ്ട് രാജാസിങ് സ്വയം തലയ്ക്ക് അടിക്കുന്നതും പോലീസ് ഇയാളെ തടയാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹൈദരാബാദിലെ ജുമീറത് ബസാര്‍ വൗ ജംഗ്ഷനില്‍ സ്വാതന്ത്ര സമരസേനാനി റാണി അവന്തി ഭായ് ലോധിയുടെ പ്രതിമ അനധികൃതമായി എംഎല്‍എയും കൂട്ടരും സ്ഥാപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

സ്ഥലത്തുണ്ടായിരുന്ന 10 അടി ഉയരമുള്ള പ്രതിമയ്ക്ക് പകരം 25 അടിയുള്ള പുതിയ പ്രതിമ ഉയര്‍ത്താനാണ് എംഎല്‍എ ശ്രമം നടത്തിയത്. അനുമതിയില്ലാതെ എംഎല്‍എ പ്രതിമ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ഇടപെട്ടത്. ”തങ്ങള്‍ എംഎല്‍എയെ അക്രമിക്കുകയോ ലാത്തിച്ചാര്‍ജ് നടത്തുകയോ ചെയ്തിട്ടില്ല. പക്ഷേ അയാള്‍ തങ്ങളോട് മോശം പെരുമാറുകയും പോലീസുകാരെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു” ഹൈദരാബാദ് ഡിസിപി വ്യക്തമാക്കി.

Exit mobile version