ചായ കപ്പും കൈയ്യില്‍ പിടിച്ച് ഓടുന്ന ട്രെയിനില്‍ ചാടിക്കയറി; കാല്‍വഴുതി വീണത് ട്രാക്കിലേയ്ക്ക്! ഒടുവില്‍ അത്ഭുത രക്ഷപ്പെടല്‍, ചങ്കിടിപ്പേറ്റി ദൃശ്യങ്ങള്‍

ഒഡീഷയിലാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് യുവാവ് ചാടിക്കയറാന്‍ ശ്രമിച്ചത്.

ഭുവനേശ്വര്‍: ഓടുന്ന ട്രെയിനില്‍ ചാടി കയറരുത്, ചാടി ഇറങ്ങരുത് തുടങ്ങി ഒട്ടനവധി നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ അവയൊന്നും ആരും തന്നെ പാലിക്കാറില്ല എന്നതാണ് വാസ്തവം. അങ്ങനെയുള്ള നിര്‍ദേശങ്ങള്‍ മറികടക്കുമ്പോഴുള്ള അപകടങ്ങള്‍ പലതും സമൂഹമാധ്യമങ്ങളിലും മറ്റും നിറയാറുണ്ട്. ഇപ്പോഴും അത്തരത്തിലൊരു വീഡിയോ ആണ് വൈറലാകുന്നത്.

ഒഡീഷയിലാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് യുവാവ് ചാടിക്കയറാന്‍ ശ്രമിച്ചത്. ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ ആ വീഡിയോ ചങ്കിടിപ്പോടെയല്ലാതെ കണ്ടിരിക്കാനാവില്ല. ജര്‍സുഗുദ സ്റ്റേഷനിലാണ് ജീവിതത്തിനും മരണത്തിനും ഇടയില്‍ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ സമയം ചായ വാങ്ങിക്കാനാണ് രാജേഷ് തല്‍വാര്‍ എന്ന ചെറുപ്പക്കാരന്‍ പുറത്തിറങ്ങിയത്. ചായയും കൊണ്ട് തിരികെ കയറും മുമ്പേ ട്രെയിന്‍ ഓടാന്‍ തുടങ്ങിയതോടെ രാജേഷ് ചാടിക്കയറാന്‍ ശ്രമിച്ചു.

അതിനിടെ പടിയില്‍ നിന്ന് തെന്നി പ്ലാറ്റ്‌ഫോമിലേക്ക് വീണു. കണ്ടു നിന്നവര്‍ ഓടി വന്ന് രക്ഷിക്കാന്‍ ശ്രമിക്കും മുമ്പേ പ്ലാറ്റഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്നവരെല്ലാം ബഹളം വെച്ച് ഓടിക്കൂടിയതോടെ ട്രെയിന്‍ നിര്‍ത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി പരിശോധിച്ചപ്പോള്‍ രാജേഷിനെ പരുക്കുകളോടെ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അതേ ട്രെയിനില്‍ തന്നെ രാജേഷ് യാത്ര തുടരുകയും ചെയ്തു. സമീപത്തെ സിസിടിവിയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭ്യമായത്.

Exit mobile version