ബസിന്റെ മുകളില്‍ കയറി യാത്ര ചെയ്ത് ബസ് ഡേ ആഘോഷിച്ച് വിദ്യാര്‍ത്ഥികള്‍; ബ്രേക്ക് പിടിച്ചപാടെ കൂട്ടത്തോടെ തലകുത്തി താഴേയ്ക്ക്! അമ്പരപ്പിച്ച് വീഡിയോ

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

ചെന്നൈ: പതിവുപോലെ ഇത്തവണയും ചെന്നൈയിലെ വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ബസ് ഡേ അതിഗംഭീരമായി തന്നെ ആഘോഷിച്ചു. പക്ഷേ അമ്പരപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ബസ് ഡേ ദിനത്തില്‍ ബസിന്റെ മുകളില്‍ കയറി ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പറ്റിയ അമളിയാണ് വൈറലാകുന്നത്. പോലീസ് മുന്നറിയിപ്പും ജാഗ്രതയും തള്ളിയായിരുന്നു വിദ്യാര്‍ത്ഥികളുടെ അതിസാഹസിക ആഘോഷ ആഭ്യാസങ്ങള്‍.

പാഞ്ഞുപോകുന്ന ബസ് പൊടുന്നനെ ബ്രേക്ക് ഇട്ടതോടെ ബസിന് മുകളില്‍ നിന്ന് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ താഴേക്ക് തലകുത്തി വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ചെന്നൈയില്‍ വേനലവധിക്ക് ശേഷം കോളേജ് തുറക്കുന്ന ദിവസമാണ് വിദ്യാര്‍ത്ഥികള്‍ ബസ് ഡേ എന്നപേരില്‍ ആഘോഷിക്കുന്നത്.

ബസുകളില്‍ വലിഞ്ഞുകയറിയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയും നടത്തുന്ന ഈ അതിരുവിട്ട ആഘോഷം കോടതിയും പോലീസും പല തവണ വിലക്കിയതാണ്. അവയെല്ലാം തള്ളിയാണ് എല്ലാവര്‍ഷം ബസ് ഡേ ആഘോഷിക്കുന്നത്. ബസിന് മുകളില്‍ കയറിയ മുപ്പതോളം വിദ്യാര്‍ത്ഥികളാണ് റോഡിലേയ്ക്ക് വീണത്. ചിലര്‍ക്ക് നിസാരപരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 20 വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പച്ചയപ്പ കോളേജിലെയും അംബേദ്കര്‍ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ ബസ് ഡേ ആഘോഷിക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Exit mobile version