ആദിര്‍ രഞ്ജന്‍ ചൗധരിയെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി ആദിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദിര്‍ രഞ്ജന്‍ പിസിസി മുന്‍ അധ്യക്ഷന്‍ കൂടിയാണ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു. 1999 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ബഹറാന്‍പൂര് സീറ്റില്‍ നിന്ന് ജയിച്ചു.

കഴിഞ്ഞ തവണ ലോകസഭാ കക്ഷി നേതാവായിരുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയും, മറ്റ് മുതിര്‍ന്ന നേതാക്കളും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും, രാഹുല്‍ ഗാന്ധി കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചതോടും കൂടിയാണ് പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്.

തിരുവനന്തപുരം എംപി ശശി തരൂരിന്റെ പേരായിരുന്നു നേരത്തെ പരിഗണനയില്‍ ഉണ്ടായിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് കക്ഷി നേതാവിനെ നിശ്ചയിച്ചത്. എകെ ആന്റണി, ഗുലാം നബി ആസാദ്, ജയ്‌റാം രമേശ്, ആനന്ദ് ശര്‍മ്മ, പി ചിദംബരം, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ആദിര്‍ രഞ്ജന്‍ ചൗധരിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് ആദിര്‍ രഞ്ജന്‍. ബംഗാളില്‍ നിന്ന് രണ്ട് എംപിമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

പതിനെഴാം സമ്മേളനത്തിന്റെ ആദ്യദിനം കോണ്‍ഗ്രസ് പങ്കെടുത്തത് സഭാ അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാതെ ആയിരുന്നു. മുഖ്യപ്രതിപക്ഷമെന്ന് കരുതുന്ന കോണ്‍ഗ്രസിന് ഒരു നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

Exit mobile version