ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തി വെട്ടുന്നു; എട്ട് വര്‍ഷത്തിനുള്ളില്‍ ചൈനയെ മറികടക്കും

2019 മുതല്‍ 2050 വരെയുള്ള കാലത്ത് ചൈനീസ് ജനസംഖ്യ 3.14 കോടിയോളം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂയോര്‍ക്ക്: എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. നിലവില്‍ ചൈനയാണ് ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാമതെങ്കിലും എട്ട് വര്‍ഷത്തിനുള്ളില്‍ അത് ഇന്ത്യ ആയി മാറുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 മുതല്‍ 2050 വരെയുള്ള കാലത്ത് ചൈനീസ് ജനസംഖ്യ 3.14 കോടിയോളം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസ് -2019 എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ 770 കോടിയില്‍ നിന്ന് 970 കോടിയായി ഉയരും. അതേസമയം, ഇന്ത്യയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലായിരിക്കും ലോക ജനസംഖ്യയുടെ പകുതിയും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, കോംഗോ, ഏത്യോപിയ, ടാന്‍സാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാകും അവ. 2050 ആകുമ്പേഴേക്കും ചില ആഫ്രിക്കന്‍ മേഖലകളില്‍ ജനസംഖ്യ ഇരട്ടിയോളം വര്‍ധിക്കും. ജനസംഖ്യ ആഗോളവ്യാപകമായി വര്‍ധിക്കുമ്പോഴും പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

1990 ല്‍ ഒരു സ്ത്രീയ്ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം ശരാശരി 3.2 ആയിരുന്നവെങ്കില്‍ 2019 ആകുമ്പോള്‍ അത് 2.2 ആയി കുറഞ്ഞു. 2050 ആകുമ്പോഴേക്കും ഇത് 2.1 ലേക്ക് താഴും. അതേസസമയം മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യവും കൂടിയിട്ടുണ്ട്. 1990 ല്‍ 64.2 ആയിരുന്നു ശരാശരി ആയുര്‍ദൈര്‍ഘ്യമെങ്കില്‍ 2019 ആയപ്പോള്‍ അത് 72.6 ആയി ഉയര്‍ന്നു. 2050 ആകുമ്പോഴേക്കും 77.1 ആയി ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version