മമതാ ബാനര്‍ജിയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

ചര്‍ച്ചയുടെ സ്ഥലം സംബന്ധിച്ച അഭിപ്രായം ഇന്ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം അറിയിക്കും. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍. ബംഗാളിലെ ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്ന് മമതാ പറഞ്ഞതോടെയാണ് പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. അടച്ചിട്ട മുറിയില്‍ ചര്‍ച്ചക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചര്‍ച്ചയുടെ സ്ഥലം സംബന്ധിച്ച അഭിപ്രായം ഇന്ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം അറിയിക്കും. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതായി മമത അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം ഡോക്ടര്‍മാര്‍ എത്രയും പെട്ടെന്ന് തിരിച്ചു ജോലിയില്‍ പ്രവേശിക്കണമെന്നും സമരം ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെ ഒരുതരത്തിലുള്ള നടപടിയും ഉണ്ടാകില്ലെന്നും മമത ഉറപ്പു നല്‍കി.

നേരത്തെ, മമതാ ബാനര്‍ജി സമരക്കാരുമായി കൂടിക്കാഴ്ച്ചക്ക് ശ്രമിച്ചെങ്കിലും ഡോക്ടര്‍മാര്‍ സഹകരിച്ചിരുന്നില്ല. കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയില്‍ ചികിത്സയിയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ക്കുകയും, ജൂനിയര്‍ ഡോക്ടര്‍മാരെ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്. പിന്നീട് ഇത് രാജ്യവ്യാപക പ്രതിഷേധമായി മാറുകയായിരുന്നു.

അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടി. ഡോക്ടര്‍മാരെ അപമാനിക്കുന്നവര്‍ക്കെതിരെ കൃത്യമായ നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹര്‍ഷവര്‍ധന്‍ നിര്‍ദേശം നല്‍കി.

Exit mobile version