രാജസ്ഥാനില്‍ ബിജെപിയ്ക്ക് ദയനീയ തോല്‍വി, വസുന്ധര രാജെ തകര്‍ന്നടിയും; കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വ്വെ

45% വോട്ടു ഷെയര്‍ നേടി 110 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തും.

ജയ്പൂര്‍: രാജസ്ഥാനില്‍ വസുന്ധര രാജെ സര്‍ക്കാര്‍ തകര്‍ന്നടിയുമെന്ന് അഭിപ്രായ സര്‍വ്വെ. രാജസ്ഥാനില്‍ ബിജെപിയ്ക്ക് ദയനീയ തോല്‍വി ആയിരിക്കുമെന്നും സര്‍വ്വെയില്‍ പറയുന്നു. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് എബിപി ന്യൂസുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കിയ റിപ്പോര്‍ട്ടുള്ളത്.

45% വോട്ടു ഷെയര്‍ നേടി 110 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ബിജെപി 84 സീറ്റുകളില്‍ ഒതുങ്ങും. മറ്റുപാര്‍ട്ടികള്‍ ആറു സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാനിലെ ബിജെപിയുടെ വോട്ടു ഷെയര്‍ 41% ആയി കുറയുമെന്നും സര്‍വ്വെയില്‍ പരാമര്‍ശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്.

ഇതിന്റെ ആശ്വാസത്തിലാണ് നേതൃത്വം. സര്‍വ്വേ പ്രകാരം ഛത്തീസ്ഗഢില്‍ ബിജെപി 56 ഉം കോണ്‍ഗ്രസ് 25 ഉം മറ്റുപാര്‍ട്ടികള്‍ നാലും സീറ്റുകള്‍ നേടും. മധ്യപ്രദേശില്‍ 230 സീറ്റുകളില്‍ 116 എണ്ണം നേടി ബിജെപി അധികാരം നിലനിര്‍ത്തും. കോണ്‍ഗ്രസ് 105 സീറ്റുകള്‍ നേടി നില മെച്ചപ്പെടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version